‘എന്റെ പിതാവും കര്‍ഷകനാണ്, ജോലി രാജിവച്ച് സമരത്തില്‍ അണിചേരും’; കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പഞ്ചാബ് ഡിഐജി രാജിവച്ചു

punjab , dig resign, farmers protest | bignewslive

ലുധിയാന: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പഞ്ചാബ് ഡിഐജി രാജിവെച്ചു. ജയില്‍ വകുപ്പ് ഡിഐജി ലക്ഷ്മീന്ദര്‍ സിങ് ജാഖറാണ് രാജിവെച്ചത്. പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ഉടനെ ഡല്‍ഹിയിലേക്ക് പോകുമെന്നും ലക്ഷ്മീന്ദര്‍ സിങ് പറഞ്ഞു.

ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് താനും ഒരു കര്‍ഷകനായിരുന്നു.തന്റെ മാതാവാണ് ഇപ്പോള്‍ കാര്യങ്ങള്‍ നോക്കുന്നത്. തന്റെ പിതാവും കര്‍ഷകനായിരുന്നു. അദ്ദേഹം വയലില്‍ അധ്വാനിച്ചാണ് എന്നെ പഠിപ്പിച്ചത്. ഇന്ന് എനിക്കുള്ള നേട്ടങ്ങളെല്ലാം ഒരു കര്‍ഷകനായ പിതാവിന്റെ അധ്വാനഫലമാണ്. കര്‍ഷകരോട് ഞാന്‍ എക്കാലവും കടപ്പെട്ടിരിക്കുന്നു – 56കാരനായ ലക്ഷ്മീന്ദര്‍ സിങ് കത്തില്‍ പറഞ്ഞു.

ഡല്‍ഹിയിലെ തണുപ്പില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കുറിച്ച് അമ്മ ചോദിക്കുമ്പോള്‍ എനിക്ക് അവരുടെ കണ്ണിലേക്ക് നോക്കാന്‍ കഴിയുന്നില്ല. രാജിവെച്ച് പ്രക്ഷോഭത്തിനൊപ്പം അണിചേരാന്‍ അമ്മയും പിന്തുണച്ചു. താന്‍ ഉടന്‍ ഡല്‍ഹിയിലേക്ക് തിരിക്കും-ലക്ഷ്മീന്ദര്‍ സിങ് പറഞ്ഞു. 1989ലാണ് ലക്ഷ്മീന്ദര്‍ സിങ് സര്‍വിസില്‍ പ്രവേശിച്ചത്.

അതേസമയം കര്‍ഷക പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് കര്‍ഷകരാണ് എത്തിക്കൊണ്ടിരിക്കുന്നത്. പഞ്ചാബില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പടെ കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയിലെത്തി. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് തുടങ്ങിയ കര്‍ഷകര്‍ നാളെ നിരാഹാരസമരം പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ രണ്ടാംഘട്ട ഡല്‍ഹി ചലോ മാര്‍ച്ച് തടയാന്‍ പോലീസിനൊപ്പം സൈന്യത്തെയും കേന്ദ്രം ഇറക്കി. ഷാജഹാന്‍പൂരില്‍ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് തടയാന്‍ റോഡില്‍ ഭീമന്‍ കോണ്‍ക്രീറ്റ് ബീമുകളും തയ്യാറാക്കിയിട്ടുണ്ട്. അതേസമയം നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.

Exit mobile version