തുടര്‍ച്ചയായ 43 പരിശോധനയിലും കോവിഡ് പോസിറ്റീവ്, 305 ദിവസത്തിന് ശേഷം നെഗറ്റീവ്; ഏറ്റവും കൂടുതല്‍ നാള്‍ രോഗബാധ സ്ഥിരീകരിച്ച റെക്കോര്‍ഡ്

ലണ്ടന്‍: തുടര്‍ച്ചയായ പത്ത് മാസത്തോളം കൊവിഡ് രോഗിയായി 72കാരനായ ബ്രിട്ടീഷ് പൗരന്‍. വെസ്റ്റേണ്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ സ്വദേശിയായ ഡേവ് സ്മിത്തിനാണ് പത്തുമാസം രോഗബാധ സ്ഥിരീകരിച്ചത്. ഒടുവില്‍ 305 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇദ്ദേഹം രോഗമുക്തി നേടിയത്. ഏറ്റവും കൂടുതല്‍ നാള്‍ രോഗബാധ സ്ഥിരീകരിച്ചെന്ന റെക്കോഡ് ഇദ്ദേഹത്തിനാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

വിരമിച്ച ഡ്രൈവിങ് ഇന്‍സ്ട്രക്ടറായ ഡേവ് സ്മിത്തിന് പത്തുമാസം മുന്‍പാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് 43 തവണ പരിശോധനക്ക് വിധേയമാക്കിയപ്പോഴും എല്ലാ പരിശോധനയിലും കോവിഡ് പോസിറ്റീവായി. ഏഴോളം തവണ ആശുപത്രിയിലാകുകയും മരണപ്പെട്ടുവെന്ന് വിചാരിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് 305 ദിവസങ്ങള്‍ക്ക് ശേഷം രോഗ മുക്തി നേടുകയായിരുന്നു.

മാര്‍ച്ച് 2020ലാണ് ഡേവ് സ്മിത്തിന് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. നിരവധി മരുന്നുകള്‍ അദ്ദേഹത്തില്‍ ഡോക്ടര്‍മാര്‍ പരീക്ഷിച്ചിരുന്നു. അവയൊന്നും ഫലം കണ്ടില്ല. പിന്നീട്, 305 ദിവസത്തിനുശേഷമാണ് അദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവായത്.

സുഖം പ്രാപിച്ചെങ്കിലും ഇപ്പോഴും ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ബ്രിട്ടനില്‍ സഞ്ചരിച്ച് കൊച്ചുമകളെ ഡ്രൈവിങ് പരിശീലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version