മാസ്‌ക് ധരിച്ചില്ല; തായ്‌ലാന്റ് പ്രധാനമന്ത്രിക്ക് വന്‍ തുക പിഴശിക്ഷ

ബംങ്കോക്ക്: മാസ്‌ക് ധരിക്കാത്തതിന് തായ്‌ലാന്റ് പ്രധാനമന്ത്രി പ്രയൂത്ത് ചാന്‍ ഔച്ചയ്ക്ക് പിഴ. 6000 ബാത്ത് (14,202 രൂപ)യാണ് പ്രധാനമന്ത്രിക്ക് പിഴ വിധിച്ചത്. ബാങ്കോക്ക് ഗവര്‍ണറാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കോക്ക് നഗരത്തില്‍ കൊവിഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തിങ്കളാഴ്ച ഇവിടെ എത്തിയ പ്രധാനമന്ത്രി മാസ്‌ക് ധരിച്ചിരുന്നില്ല. ഇതിനാലാണ് പിഴയെന്ന് ബാങ്കോക്ക് ഗവര്‍ണര്‍ അറിയിച്ചു.കൊവിഡ് നിയന്ത്രണ നിയമം തെറ്റിച്ചതിനെ തുടര്‍ന്ന് പിഴ വിധിച്ച കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് ബാങ്കോക്ക് ഗവര്‍ണര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ബാങ്കോക്ക് നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ എത്തിയ പ്രധാനമന്ത്രി മാസ്‌ക് ധരിക്കാതെയാണ് എത്തിയത്. ഇവിടെ വച്ച് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. മാസ്‌ക് ധരിക്കാത്ത ഈ ഫോട്ടോ പ്രധാനമന്ത്രി തന്നെ ഫേസ്ബുക്കില്‍ ഇട്ടു. ഇതിനെ തുടര്‍ന്നാണ് നടപടി.

ബാങ്കോക്കില്‍ പൗരന്മാര്‍ പുറത്ത് ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമായതിനാല്‍ പ്രധാനമന്ത്രി പിഴയടക്കണമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. അതേസമയം വിവാദമായതിന് പിന്നാലെ ഈ ഫോട്ടോ പ്രധാനമന്ത്രിയുടെ പേജില്‍ നിന്നും നീക്കം ചെയ്തിരുന്നു.

Exit mobile version