വെല്ലുവിളി ഒടുവില്‍ ജീവനെടുത്തു; 1.5 ലിറ്റര്‍ വോഡ്ക കുടിച്ച 60കാരന്‍ ലൈവ് വീഡിയോക്കിടെ കുഴഞ്ഞ് വീണുമരിച്ചു!

Russian man | Bignewslive

മോസ്‌കോ: ലിറ്റര്‍ കണക്കിന് വോഡ്ക കുടിക്കാനുള്ള വെല്ലുവിളി എടുത്തത് ഒരു ജീവന്‍. യൂട്യൂബ് ചാനലിലൂടെയുള്ള ലൈവായി മദ്യം കഴിച്ച 60കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. റഷ്യയിലാണ് അമ്പരപ്പിക്കുന്ന സംഭവം. സാഹസിക പ്രവൃത്തികളുടെ തത്സമയസംപ്രേക്ഷണം സ്ഥിരമായി ചെയ്യുന്ന യൂട്യൂബ് ചാനലിന്റെ നിര്‍ദേശപ്രകാരമായിരുന്നു ‘ഗ്രാന്‍ഡ് ഫാദര്‍’ എന്ന അപരനാമത്തിലറിപ്പെട്ടിരുന്ന യൂറി ഡഷേച്ച്കിന്‍ ഇത്രയധികം അളവില്‍ വോഡ്ക കഴിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

വന്‍തുകയായിരുന്നു ലൈവായി മദ്യപിക്കുന്നതിന് യൂറിയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്. ഈ വെല്ലുവിളി ഒടുവില്‍ മരണത്തില്‍ കലാശിക്കുകയായിരുന്നു. ഒന്നര ലിറ്റര്‍ വോഡ്ക അകത്താക്കിയതിന് പിന്നാലെ കുഴഞ്ഞുവീണ യൂറി തൊട്ടുപിന്നാലെ മരിച്ചതായി റിപ്പോര്‍ട്ട് എത്തി.

പ്രേക്ഷകരുടെ കണ്‍മുന്നില്‍ തന്നെയുള്ള മരണത്തിന് ശേഷം മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ലൈവായി തന്നെ തുടരുന്നുണ്ടായിരുന്നു. അമിതമായി മദ്യം ഉള്ളിലെത്തിയതാണോ, അതോ മറ്റെന്തെങ്കിലുമാണോ മരണത്തിന് ഇടയാക്കിയത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു.

Exit mobile version