കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച് ജോ ബൈഡന്‍; വാക്സിന്‍ സ്വീകരിക്കുമ്പോള്‍ ആശങ്ക വേണ്ടെന്നും ബൈഡന്‍, ടെലിവിഷനില്‍ തത്സമയ സംപ്രേഷണം

joe biden | big news live

വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബൈഡന്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഡെലവാരയിലെ നെവാര്‍ക്കിലുളള ക്രിസ്റ്റ്യാന ആശുപത്രിയില്‍ നിന്നാണ് കൊവിഡ് പ്രതിരോധവാക്സിനായ ഫൈസര്‍ ബൈഡന്‍ സ്വീകരിച്ചത്.

കൊവിഡ് പ്രതിരോധ വാക്സിനില്‍ അമേരിക്കന്‍ ജനതയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുളള പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ബൈഡന്‍ വാക്‌സിന്‍ സ്വീകരിച്ചത്. ബൈഡന്റെ ഭാര്യ ജില്‍ നേരത്തേ കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു

‘ഇത് ഒരു തുടക്കമാണ്. കൊവിഡ് 19 നെ അതിജീവിക്കാന്‍ സമയമെടുക്കും. അതുവരെ ആളുകള്‍ മാസ്‌ക് ധരിക്കുകയും വിദഗ്ധര്‍ പറയുന്നത് അനുസരിക്കാന്‍ തയ്യാറാവുകയും വേണം. നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട അത്യാവശ്യമില്ലെങ്കില്‍ അതിന് മുതിരാതിരിക്കുക. അത് വളരെ പ്രധാനമാണ്. വാക്സിന് സ്വീകരിക്കുമ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മാക്സ് ധരിക്കുകയും വിദഗ്ധര്‍ പറയുന്നത് അനുസരിക്കുകയുമാണ് വേണ്ടത്’ എന്നാണ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചുകൊണ്ട് ബൈഡന്‍ പറഞ്ഞത്.

വാക്സിന്റെ ആദ്യ ഡോസാണ് ബൈഡന്‍ സ്വീകരിച്ചത്. അതേസമയം കൊവിഡ് വാക്സിന്‍ ഗവേഷണത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞരേയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകരെയും ബൈഡന്‍ അഭിനന്ദിച്ചു. റെക്കോഡ് വേഗത്തിലുളള വാക്സിന്‍ ഗവേഷണത്തിന് നേതൃത്വം നല്‍കിയ ട്രംപ് ഭരണകൂടവും അഭിനന്ദനം അര്‍ഹിക്കുന്നതായും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടില്ല.

Exit mobile version