ദക്ഷിണ കൊറിയയില്‍ കൊവിഡ് വ്യാപനം രൂക്ഷം; സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു

south korea | big news live

സിയോള്‍: ദക്ഷിണ കൊറിയയില്‍ കൊവിഡ് വ്യാപനം രൂക്ഷം. ഇതേ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളിലും പരിസരപ്രദേശങ്ങളിലുമുളള സ്‌കൂളുകളാണ് ചൊവ്വാഴ്ച്ച മുതല്‍ അടച്ചുപൂട്ടുക. ഈ മാസം അവസാനം വരെയാണ് സ്‌കൂളുകള്‍ അടച്ചിടുക.

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് സ്‌കൂളുകള്‍ അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. ദക്ഷിണകൊറിയയില്‍ മൂന്നാംഘട്ട കൊവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന്റെ ആദ്യപടിയായിട്ടാണ് സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം പ്രാദേശിക സര്‍ക്കാരുകളുടെയും വിദഗ്ദരുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് വീണ്ടും ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്നാണ് ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ചുങ് സിയേ ക്യുന്‍ അറിയിച്ചത്.

കഴിഞ്ഞ ദിവസം മാത്രം പുതുതായി 718 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് എന്നാണ് കൊറിയ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഏജന്‍സി വ്യക്തമാക്കിയത്. പുതിയ കേസുകള്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സിയോള്‍, ഇഞ്ചിയോണ്‍, ജിയോങ്കി പ്രവിശ്യകളില്‍ നിന്നാണ്. 25 ദശലക്ഷത്തിലധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഇതുവരെ ദക്ഷിണ കൊറിയയില്‍ 43,484 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം 587 പേരാണ് മരിച്ചത്.

Exit mobile version