ലേലത്തില്‍ ഒരു പ്രാവിന് ലഭിച്ചത് 14 കോടി രൂപ; ലോകത്ത് ഏറ്റവുമധികം തുകയ്ക്ക് വിറ്റുപോയ പ്രാവെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ന്യൂ കിം

ബ്രസ്സല്‍സ്: ലേലത്തില്‍ ഒരു പ്രാവിന് ലഭിച്ച തുക കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. 1.6 ദശലക്ഷം യൂറോ അതായത് ഏകദേശം 14 കോടി 15 ലക്ഷത്തിലധികം രൂപ. ഓണ്‍ലൈന്‍ ലേല വ്യാപാരസംഘാടകരായ പീജിയന്‍ പാരഡൈസിലൂടെയാണ് പേര് വെളിപ്പെടുത്താത്ത ചൈനീസ് പൗരന്‍ ന്യൂ കിം എന്ന പെണ്‍ പ്രാവിനെ ഇത്രയും വലിയ തുക കൊടുത്ത് സ്വന്തമാക്കിയിരിക്കുന്നത്.


ഇതോടെ ലോകത്ത് ഏറ്റവുമധികം തുകയ്ക്ക് വിറ്റുപോയ പ്രാവായി മാറിയിരിക്കുകയാണ് ന്യൂ കിം. കഴിഞ്ഞ വര്‍ഷം 1.25 ദശലക്ഷം യൂറോയ്ക്ക് വിറ്റു പോയ ആണ്‍പ്രാവിന്റെ റെക്കോഡാണ് ഈ വില്‍പനയിലൂടെ തകര്‍ന്നതെന്നാണ് പിഐപിഎ ചെയര്‍മാന്‍ നിക്കോളാസ് ഗൈസല്‍ബ്രെച്ച് പറഞ്ഞത്.

ന്യൂ കിമ്മിന്റെ ലേലം ആരംഭിച്ചത് വെറും 200 യൂറോയ്ക്കാണ്. വിവിധ പറക്കല്‍ പന്തയങ്ങളിലെ ചാമ്പ്യന്‍ കൂടിയാണ് ന്യൂ കിം. രണ്ട് വയസ് പ്രായമുള്ള കിമ്മിനെ ബ്രീഡ് ചെയ്യുന്നതിനാണ് ചൈനീസ് സ്വദേശി വാങ്ങിയതെന്ന് പിഐപിഎ അറിയിച്ചു. ചൈനയിലെ പറക്കല്‍ പന്തയങ്ങളില്‍ യൂറോപ്പില്‍ നിന്നുള്ള പക്ഷികളാണ് ഏറെയും വിജയികളാവാറുള്ളത്. ഇത്തരം പന്തയങ്ങള്‍ക്കുള്ള സമ്മാനത്തുക വലുതായതിനാല്‍ യൂറോപ്പില്‍ നിന്നുള്ള പക്ഷികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഗള്‍ഫ്-ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് പക്ഷികള്‍ക്ക് ആവശ്യക്കാര്‍ അധികമായതിനാലാണ് വില്‍പനത്തുക വര്‍ധിക്കുന്നതെന്നാണ് ഓണ്‍ലൈന്‍ വ്യാപാരികള്‍ പറയുന്നത്.

Exit mobile version