അമേരിക്കയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് ഒന്നരലക്ഷത്തോളം പേര്‍ക്ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് ഒന്നരലക്ഷത്തോളം പേര്‍ക്കാണ്. പുതുതായി 145000
കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ യുഎസിലെ വൈറസ് ബാധിതരുടെ എണ്ണം 10,238,243 ആയി ഉയര്‍ന്നു. കൊവിഡ് മരണങ്ങളുടെ എണ്ണത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1549 മരണങ്ങളാണ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം ഇത് ആദ്യമായാണ് യുഎസില്‍ ഇത്രയും അധികം കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 239,588 ആയി ഉയര്‍ന്നു. വൈറസ് ബാധ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായി വൈറസ് ബാധമൂലം ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 60,000 കടന്നു. 61,694 പേരാണ് രാജ്യത്ത് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ശരാശരി 1661 പേരെയാണ് പ്രതിദിനം ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

നേരത്തെ അമേരിക്കയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിന് താഴേക്ക് കുറഞ്ഞിരുന്നു. എന്നാല്‍ വര്‍ഷാവസാനത്തോടെ പ്രതിദിന രോഗികളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്ന് ഗവേഷണ സ്ഥാപനമായ പാന്‍തണ്‍ മാക്രോഇക്കണോമിക്സ് പറയുന്നത്.

Exit mobile version