മുതലകള്‍ ഉള്ള കനാലിലേയ്ക്ക് കാര്‍ പതിച്ചു; ഉഴവൂര്‍ സ്വദേശിനിയായ വനിതാ ഡോക്ടര്‍ക്ക് ഫ്‌ളോറിഡയില്‍ ദാരുണാന്ത്യം

ഉഴവൂര്‍: അമേരിക്കയിലെ ഫ്ലോറിഡ മിയാമിയില്‍ ഉണ്ടായ കാറപകടത്തില്‍ മലയാളിയായ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഉഴവൂര്‍ കുന്നുംപുറത്ത് തോമസ്, ത്രേസ്യാമ്മ (കുറുപ്പുന്തറ, കണ്ടച്ചാം പറമ്പില്‍) ദമ്പതിമാരുടെ മകള്‍ ഡോ. നിത കുന്നുംപുറത്ത് ആണ് മരിച്ചത്. 30 വയസായിരുന്നു.

നിത രാത്രി ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഡ്രൈവ് ചെയ്തു വരുമ്പോള്‍ കാര്‍ മുതലകള്‍ ഉള്ള കനാലിലേക്ക് പതിക്കുകയായിരുന്നു. രാവിലെ നടക്കാനിറങ്ങിയവരാണ് അപകടം കണ്ടത്. തുടര്‍ന്ന് പോലീസെത്തി തുടര്‍നടപടി കൈക്കൊള്ളുകയായിരുന്നു. ഷിക്കാഗോയിലുള്ള ബന്ധുക്കള്‍ ഫ്ലോറിഡയില്‍ എത്തിയിട്ടുണ്ട്. മൃതദേഹം ഷിക്കാഗോയില്‍ സംസ്‌കരിക്കുമെന്ന് പിതൃസഹോദരന്‍ അറിയിച്ചു.

പിതാവ് തോമസ് റിട്ട. എക്സൈസ് ഇന്‍സ്‌പെക്ടറാണ്. വയനാട് കല്‍പറ്റയിലായിരുന്നു തോമസിന് ജോലി. നിതയുടെ സ്‌കൂള്‍ വിദ്യാഭ്യാസം വയനാട്ടിലായിരുന്നു. തുടര്‍ന്നാണ് അമേരിക്കയിലേയ്ക്ക് പോയത്. അവിടെ വിദ്യാഭ്യാസം തുടരുകയും സ്ഥിരതാമസമാക്കുകയും ചെയ്തു. മാതാപിതാക്കളും സഹോദരങ്ങളും ഷിക്കാഗോയിലാണ്. സഹോദരങ്ങള്‍ : നിതിന്‍, നിമിഷ.

Exit mobile version