‘ഈ ഓഫീസിലെ ആദ്യ വനിത ഞാനായിരിക്കാം, പക്ഷേ അവസാനത്തെ വനിത ഞാന്‍ ആയിരിക്കില്ല’; അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് കമല ഹാരിസ്

വാഷിങ്ടണ്‍: ജനങ്ങളോട് നന്ദി പറഞ്ഞ് നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഈ ഓഫീസിലെ ആദ്യത്തെ വനിത ഞാനായിരിക്കാം പക്ഷേ അവസാനത്തെ വനിത ഞാന്‍ ആയിരിക്കില്ല. കാരണം രാജ്യത്തെ ഓരോ പെണ്‍കുട്ടിയും ഈ സാധ്യത തിരിച്ചറിയുന്നു എന്നാണ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കമല ഹാരിസ് പറഞ്ഞത്.

ജനാധിപത്യമെന്നാല്‍ ഒരു സ്ഥിതി അല്ല, പ്രവൃത്തിയാണെന്നാണ് ജോണ്‍ ലെവിസ് പറഞ്ഞത്. അദ്ദേഹം ഉദ്ദേശിച്ചത് എന്തെന്നാല്‍ ജനാധിപത്യത്തിന് വേണ്ടി നിങ്ങള്‍ എത്രത്തോളം പോരാടുന്നു എന്നതിനനുസരിച്ചാവും അതിന്റെ ശക്തി. അതാണ് ഇപ്പോള്‍ അമേരിക്കന്‍ ജനത ചെയ്തത്. ഈ ജനാധിപത്യ പ്രക്രിയയിലേക്ക് കൂടുതല്‍ പേരെ എത്തിച്ച എല്ലാവര്‍ക്കും നന്ദിപറയുന്നു. എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും പോള്‍ വര്‍ക്കര്‍മാരോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ പാകത്തിലേക്കുയര്‍ത്തിയ അമേരിക്കന്‍ ജനതയ്ക്ക് നന്ദി.

ബൈഡന് വോട്ട് ചെയ്തതിലൂടെ പുതിയ പ്രതീക്ഷയ്ക്കും ഐക്യത്തിനും സത്യത്തിനുമാണ് നിങ്ങള്‍ വോട്ട് ചെയ്തത്. കൊവിഡിനെ തോല്‍പ്പിക്കാന്‍, സമ്പദ്ഘടന മെച്ചപ്പെടുത്താന്‍, വംശീയതയുടേയും അനീതിയുടേയും വേരുകളെ ഇല്ലാതാക്കാന്‍, കാലാവസ്ഥ പ്രശ്നങ്ങളെ പരിഹരിക്കാന്‍, രാജ്യത്തിന്റെ ആത്മാവിന് തന്നെ ഉണര്‍വേകാനുള്ള പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ തുടങ്ങുകയായി. അതിലേക്കുള്ള വഴി ദുര്‍ഘടമാണെന്ന് അറിയാം. പക്ഷേ അമേരിക്ക തയ്യാറാണ്. ജോ ബൈഡനും ഞാനും എന്നാണ് കമല ഹാരിസ് അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.

അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റ് ആണ് കമല ഹാരിസ്. ചരിത്രത്തിലാദ്യമായി വൈസ് പ്രസിഡന്റ് പദത്തിലെത്തിയ ഇന്ത്യന്‍ വംശജയും വൈസ് പ്രസിഡന്റ് ആകുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയുമാണ് കമല ഹാരിസ്.

Exit mobile version