കോവിഡ് രോഗിയുമായി നേരിട്ട് സമ്പര്‍ക്കം, ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് ക്വാറന്റീനില്‍

ജനീവ: കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് ക്വാറന്റീനില്‍ പ്രവേശിച്ചു. അദ്ദേഹം തന്നെയാണ് വിവരം ട്വിറ്ററിലൂടെ ജനങ്ങളെ അറിയിച്ചത്. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയാണെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്. 10 ദിവസത്തേക്കാണ് ക്വാറന്റീന്‍. ഈ സമയത്ത് വീട്ടിലിരുന്ന് തന്നെ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലോകജനത ഒന്നിച്ച് കോവിഡിനെ നേരിടണമെന്നും ലോകാരോഗ്യ സംഘടനയും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ശമനമില്ലാതെ ലോകത്താകമാനം കോവിഡ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനോടകം നാല് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടിരിക്കുകയാണ് ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം. ഇതുവരെ 4,68,04,418 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ പന്ത്രണ്ട് ലക്ഷം കടന്നു. വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം 12,05,044 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 3,37,42,719 ആയി ഉയര്‍ന്നു.

Exit mobile version