ഇന്ത്യയിലെ വായു മലിനമാണെന്ന ട്രംപിന്റെ പരാമര്‍ശം; സുഹൃത്തുക്കളെക്കുറിച്ച് ട്രംപ് ഇങ്ങനെയല്ല പറയേണ്ടതെന്ന് ബൈഡന്‍

വാഷിങ്ടണ്‍: ഇന്ത്യയിലെ വായു മലിനമാണെന്ന ട്രംപിന്റെ പരാമര്‍ശനത്തിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ആഗോളപ്രശ്നങ്ങളെക്കുറിച്ച് ട്രംപിന് ശരിയായ ധാരണ ഇല്ലെന്നും സുഹൃത്തുക്കളെ കുറിച്ച് ഇങ്ങനെയല്ല പ്രതികരിക്കേണ്ടതെന്നുമായിരുന്നു ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യന്‍ അമേരിക്കന്‍ സൗഹൃദത്തിന് കൂടുതല്‍ ശോഭനമായ ഭാവിയുണ്ടെന്ന ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു ട്രംപിനെതിരെയുള്ള ബൈഡന്റെ വിമര്‍ശനം.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടി നടന്ന അവസാന സംവാദത്തിലാണ് ട്രംപ് ഇന്ത്യക്കെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയുതുമായി ബന്ധപ്പെട്ട് കാര്യം വിശദമാക്കുന്നതിനിടയിലാണ് ട്രംപിന്റെ പരാമര്‍ശം. ‘ചൈനയെ നോക്കൂ. അത് എത്ര മലിനമാണ്. റഷ്യ നോക്കൂ, ഇന്ത്യ നോക്കൂ. വായു മലിനമാണ്’ എന്നാണ് സംവാദത്തില്‍ ട്രംപ് പറഞ്ഞത്.

അതേസമയം അധികാരത്തിലെത്തിയാല്‍ പാരീസ് ഉടമ്പടിയില്‍ തിരികെ ചേരുമെന്നാണ് സംവാദത്തിനിടെ ബൈഡന്‍ പ്രഖ്യാപിച്ചത്.

Exit mobile version