കൊവിഡിനെ നിസാരവത്കരിച്ചു കൊണ്ടുള്ള ട്രംപിന്റെ പോസ്റ്റ്; നടപടിയുമായി ഫേസ്ബുക്കും ട്വിറ്ററും

വാഷിങ്ടണ്‍: കൊവിഡിനെ നിസാരവത്കരിച്ചു കൊണ്ടുള്ള ട്രംപിന്റെ പോസ്റ്റിനെതിരെ നടപടിയുമായി ഫേസ്ബുക്കും ട്വിറ്ററും. നാല് ദിവസത്തെ കൊവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ട്രംപ് കൊവിഡിനെ സാധാരണ ജലദോഷപ്പനിയോട് താരതമ്യപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയിയില്‍ പോസ്റ്റ് ഇട്ടത്.

ജലദോഷപ്പനി മൂലം ആയിരക്കണക്കിനാളുകള്‍ വര്‍ഷം തോറും മരിക്കുന്നത് പതിവാണെന്നാണ് ട്രംപ് ട്വീറ്റില്‍ കുറിച്ചത്. നിസാരമായ രോഗത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ അടച്ചിടേണ്ട ആവശ്യമുണ്ടോയെന്നും പനിയോടൊപ്പം ജീവിക്കാന്‍ പഠിച്ചതു പോലെ കൊവിഡിനൊപ്പവും ജീവിക്കണമെന്നുമാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. ട്രംപിന്റെ ഈ ട്വീറ്റ് ട്വിറ്റര്‍ വ്യാജവിവരങ്ങളുടെ അലര്‍ട്ടില്‍ പെടുത്തിയിരിക്കുകയാണ്. കൊവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കുക വഴി ട്രംപിന്റെ ട്വീറ്റ് ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതായും പൊതുജനങ്ങള്‍ക്ക് കാണാനായി മാത്രം ട്വീറ്റ് നിലനിര്‍ത്തുന്നതായും ട്രംപിന്റെ ട്വീറ്റിനൊപ്പം ട്വിറ്റര്‍ രേഖപ്പെടുത്തി.

ഇതിനു പിന്നാലെ ട്രംപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഫേസ്ബുക്കും നീക്കം ചെയ്തു. കൊവിഡിന്റെ ആഘാതം സംബന്ധിച്ച് കൃത്യമല്ലാത്ത വിവരം ഞങ്ങള്‍ നീക്കം ചെയ്യും. ഈ പോസ്റ്റ് അതിനാലാണ് നീക്കം ചെയ്തത് എന്നാണ് ഫേസ്ബുക്ക് പോളിസി കമ്യൂണിക്കേഷന്‍ മാനേജര്‍ ആന്റി സ്റ്റോണ്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Exit mobile version