എവറസ്റ്റ് കൊടുമുടി ഓക്സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെ 10 തവണ കീഴടക്കിയ പര്‍വതാരോഹകന്‍ ആങ് റിത ഷെര്‍പ അന്തരിച്ചു

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി ഓക്സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെ പത്ത് തവണ കീഴടക്കിയ പര്‍വതാരോഹകന്‍ ആങ് റിത ഷെര്‍പ അന്തരിച്ചു. 72 വയസായിരുന്നു. കാഠ്മണ്ഡുവില്‍ വെച്ച് കരള്‍, മസ്തിഷ്‌ക രോഗങ്ങളെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹം മരിച്ചത്. കാഠ്മണ്ഡുവില്‍ സൂക്ഷിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ മൃതദേഹം ഈ ആഴ്ചതന്നെ ആചാരപ്രകാരം സംസ്‌കരിക്കും.

നേപ്പാളി പര്‍വതാരോഹകനായ ആങ് റിത ഷെര്‍പ 1983 മുതല്‍ 1996 വരെയുള്ള കാലത്ത് പത്ത് തവണയോളമാണ് പര്‍വതാരോഹകര്‍ സാധാരണ ഉപയോഗിക്കാറുള്ള ഓക്സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെ എവറസ്റ്റ് കീഴടക്കിയത്. 2017ല്‍ ഇദ്ദേഹത്തെ തേടി ഗിന്നസ് ലോക റെക്കോര്‍ഡുമെത്തി. അദ്ദേഹം സ്ഥാപിച്ച ആ ലോക റെക്കോര്‍ഡ് മാറ്റം ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല.

1983 ലാണ് ആങ് റിത ഷെര്‍പ ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കുന്നത്. 1987 ലെ മഞ്ഞുകാലത്ത് ഓക്സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെ എവറസ്റ്റിന്റെ 8.848 മീറ്റര്‍ ഉയരവും കീഴടക്കി അദ്ദേഹം ലോകത്തെ അത്ഭുതപ്പെടുത്തി. ഇതോടെ അദ്ദേഹത്തിന് ഒരു വിളിപ്പേരും കിട്ടി ‘ഹിമപ്പുലി’. ഹിമാലയത്തിലെ ആവാസവ്യവസ്ഥയെയും പരിതസ്ഥിതികളെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു ഇദ്ദേഹം.

Exit mobile version