പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു; ഓക്‌സ്ഫര്‍ഡ് വാക്‌സിന്‍ കുത്തിവെച്ച ആള്‍ക്ക് അജ്ഞാത രോഗം, പരീക്ഷണം തല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ലണ്ടന്‍: ലോകരാജ്യങ്ങള്‍ ഏറെ പ്രത്യാശയോടെ കാത്തിരുന്ന കൊവിഡ് വാക്സിന്റെ പരീക്ഷണം ഓക്‌സ്ഫഡ് സര്‍വകലാശാല താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വാക്‌സിന്‍ കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിതെ തുടര്‍ന്നാണ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചത്.

ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിര്‍ത്തിയിരിക്കുന്നത്. അതേസമയം പരീക്ഷണം നിര്‍ത്തിവെച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമാണ് ഇതെന്നുമാണ് അസ്ട്രസെനേക അറിയിച്ചത്.

പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചതിന് ശേഷം പരീക്ഷണം വീണ്ടും തുടരുമെന്നും പരീക്ഷണത്തില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു.

Exit mobile version