വുഹാനിലേയ്ക്ക് യാത്ര ചെയ്തു, വിവരം മറച്ചുവെച്ച് ക്വാറന്റൈന്‍ ഒഴിവാക്കി; യുവാക്കള്‍ക്ക് തടവ് ശിക്ഷ

വുഹാന്‍: കൊവിഡ് നിയമ ലംഘനത്തിന് രണ്ട് പേര്‍ക്ക് തടവ് ശിക്ഷ. ചൈനയിലാണ് സംഭവം. വുഹാനിലേക്ക് യാത്ര ചെയ്ത രണ്ടു പേര്‍ ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും മറച്ച് വെക്കുകയും ക്വാറന്റൈന്‍ ഒഴിവാക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഇരുവര്‍ക്കും തടവ് ശിക്ഷ വിധിച്ചത്.

ഡിയിംഗ്, ടുവാങ് എന്നീ ചെറുപ്പക്കാരെ ശിക്ഷിക്കുന്നത് കൊവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് കൂടിയാണ് എന്നും ചൈനീസ് കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഒന്നര വര്‍ഷത്തെ തടവ് ശിക്ഷ ആണ് ഇരുവര്‍ക്കും വിധിച്ചത്. യിബിനിലെ കോടതിയുടേതാണ് നടപടി. കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ജനുവരിയിലായിരുന്നു ഇവര്‍ വുഹാനിലേക്ക് പോയത്.

വുഹാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയ ശേഷം സിച്ച്വാന്‍ പ്രവിശ്യയിലെ യിബിനിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കം വിവിധയിടങ്ങളിലാണ് ഇവര്‍ സഞ്ചരിച്ചത്. വുഹാന്‍ സന്ദര്‍ശിച്ച് ഒരാഴ്ചയോളം കഴിഞ്ഞ ശേഷമാണ് ഇവര്‍ക്ക് രോഗലക്ഷണം പ്രകടമായത്. ആരോഗ്യ പ്രവര്‍ത്തകര്‍ തിരക്കിയ സമയത്തും ഇവര്‍ യാത്രാവിവരം മറച്ചുവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. 300ലധികം പേരാണ് ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്.

Exit mobile version