കൊറോണ വൈറസ്; 13 രാജ്യങ്ങളിലായി പഠിപ്പ് മുടങ്ങിയത് 29 കോടി വിദ്യാര്‍ത്ഥികള്‍ക്ക്

ഇവിടങ്ങളില്‍ പൂര്‍ണ്ണമായും സ്‌കൂളുകള്‍ അടച്ചിട്ടാല്‍ 18 കോടി വിദ്യാര്‍ഥികള്‍ക്കുകൂടി പഠിപ്പ് മുടങ്ങും

ബീജിങ്: ലോകത്താകമാനം കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ പ്രതിസന്ധിയിലായത് വിദ്യാര്‍ത്ഥികളാണ്. ആഗോളതലത്തില്‍ ഇതുവരെ 29 കോടി വിദ്യാര്‍ത്ഥികള്‍ക്കാണ് പഠിപ്പ് മുടങ്ങിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് 13 രാജ്യങ്ങളിലായി 29 കോടി വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങിയതായി യുനെസ്‌കോ ഡയറക്ടര്‍ ഔദ്രേ അസൂലെ വ്യക്തമാക്കി.

പകര്‍ച്ച വ്യാധികളുള്‍പ്പെടെയുള്ള ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് മുന്‍പും സ്‌കൂളുകള്‍ അടച്ചിട്ടുണ്ട്. എന്നാല്‍ അവയേക്കാള്‍ ഭീകരമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. സ്ഥിതിഗതികള്‍ എത്രയും വേഗത്തില്‍ നിയന്ത്രണ വിധേയമാക്കാന്‍ പറ്റിയില്ലെങ്കില്‍ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയേക്കാമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നിലവില്‍ ഒന്‍പത് രാജ്യങ്ങളിലാണ് പ്രാദേശികമായി സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്നത്. ഇവിടങ്ങളില്‍ പൂര്‍ണ്ണമായും സ്‌കൂളുകള്‍ അടച്ചിട്ടാല്‍ 18 കോടി വിദ്യാര്‍ഥികള്‍ക്കുകൂടി പഠിപ്പ് മുടങ്ങും. ചൈന, ജപ്പാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടതുമൂലം കൂടുതലായി ബുദ്ധിമുട്ടിലായത്.

Exit mobile version