യുഎസിൽ ടിക്‌ടോക്കിന്റെ മാതൃകമ്പനിക്ക് ഇടപാടുകൾക്ക് വിലക്ക്; ടിക് ടോക്ക് നിരോധനത്തിൽ ട്രംപിന്റെ ആദ്യപടി പൂർത്തിയായി; വീ ചാറ്റിനും തിരിച്ചടി

വാഷിങ്ടൺ: ആഗോളതലത്തിൽ തന്നെ ഏറെ ജനപ്രിയമായി മാറിയ ടിക് ടോക്ക് ആപ്ലിക്കേഷൻ യുഎസിൽ നിരോധിച്ചേക്കുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മൈക്രോസോഫ്റ്റ് ടിക് ടോക്കിനെ ഏറ്റെടുത്തേക്കുമെന്ന വാർത്തകൾക്കിടെയാണ് ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസുമായുള്ള ഇടപാടുകൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് വ്യാഴാഴ്ച ഒപ്പിട്ടത്. ചൈനീസ് കമ്പനിയായ ടെൻസെന്റിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷൻ വീചാറ്റുമായുള്ള ഇടപാടുകൾ നിരോധിക്കുന്ന സമാനമായ ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു. രണ്ട് ഉത്തരവുകളും 45 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും.

അമേരിക്കയിൽ ടിക് ടോക്കിനേക്കാൾ കൂടുതൽ പ്രചാരമുള്ള ആപ്ലിക്കേഷനാണ് വീചാറ്റ്. ഈ ആപ്ലിക്കേഷൻ അമേരിക്കയിലെ ചൈനീസ് പ്രവാസികൾക്കിടയിൽ വ്യാപകമായി ഉപയോഗത്തിലുള്ളതാണ്. അതേസമയം, ട്രംപ് ഒപ്പുവെച്ച ഉത്തരവ് ഏറെ ആശയക്കുഴപ്പം നിറഞ്ഞതാണ്. എന്ത് തരം ഇടപാടുകളാണ് ഇതുലൂടെ നിരോധിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. 45 ദിവസത്തിന് ശേഷം വാണിജ്യ സെക്രട്ടറി വിൽബർ റോസ്സ് അത് വ്യക്തമാക്കുമെന്നാണ് ഉത്തരവിലുള്ളത്. അതിനാൽ ഇത് ആപ്ലിക്കേഷനുകളുടെ അമേരിക്കയിലെ പ്രവർത്തനത്തെ ഏത് രീതിയിലാണ് ബാധിക്കുകയെന്ന് വ്യക്തമല്ല. ടെൻസെന്റിന്റെ മറ്റ് സേവനങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്നതിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.

രണ്ട് ആപ്ലിക്കേഷനുകളെയും നേരിട്ട് നിരോധിക്കുകയാണെന്ന് ഉത്തരവുകളിൽ പറഞ്ഞിട്ടില്ല. പകരം അവയ്ക്ക് മറ്റ് രീതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കമാണ്. ഉത്തരവ് പരിശോധിച്ചുവരികയാണെന്നാണ് ഇത് സംബന്ധിച്ച് ടെൻസെന്റിന്റെ പ്രതികരണം. ശരിയായ നടപടിക്രമങ്ങളിലൂടെയല്ല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ടിക് ടോക്കിന്റെ പ്രതികരണം. അമേരിക്കയിലുള്ള വിശ്വാസത്തെയും നിയമവാഴ്ചയോടുള്ള പ്രതിബദ്ധതയേയും ഇത് ദുർബലപ്പെടുത്തുമെന്നും ടിക് ടോക്ക് പറഞ്ഞു.

Exit mobile version