86 വര്‍ഷത്തിന് ശേഷം ഇതാദ്യം; തുര്‍ക്കിയിലെ ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ പള്ളി പ്രാര്‍ഥനക്കായി തുറന്നുകൊടുത്തു

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ പള്ളി മുസ്ലീംങ്ങള്‍ക്ക് പ്രാര്‍ഥനക്കായി തുറന്നുകൊടുത്തു. 86 വര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് പള്ളി പ്രാര്‍ത്ഥനയ്ക്കായി തുറന്നു കൊടുത്തത്. ഇന്ന് വെള്ളിയാഴ്ച്ച നമസ്‌കാരം നിര്‍വ്വഹിച്ചുകൊണ്ടാണ് പള്ളി ഔദ്യോഗികമായി തുറന്നത്.

ജൂലൈ പത്തിനാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ 1500 വര്‍ഷം പഴക്കമുള്ള ലോകപ്രശസ്ത മ്യൂസിയം പള്ളിക്കായി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. ഹാഗിയ സോഫിയ മ്യൂസിയമാക്കി മാറ്റിയത് വലിയ ഒരു തെറ്റായിരുന്നെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. തുര്‍ക്കിയിലെ ഏറ്റവും ഉയര്‍ന്ന മതകാര്യ അധ്യക്ഷന്‍ ദിയാനെറ്റിനാണ് പള്ളിയുടെ ചുമതല. 700 തൊട്ട് 1000 വരെ ആളുകള്‍ക്ക് പള്ളിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നമസ്‌കരിക്കാമെന്നാണ് പള്ളി അധികാരി അലി എര്‍ബാസ് പറഞ്ഞത്. പള്ളിയുടെ നിലത്ത് കാര്‍പെറ്റ് വിരിച്ചാണ് ഇരിപ്പിടം സജ്ജീകരിച്ചിരിക്കുന്നത്.

ആദ്യ കാലത്ത് ഒരു ക്രിസ്ത്യന്‍ കത്തീഡ്രലായിരുന്ന ഹാഗിയ സോഫിയ ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടങ്ങളുള്ള കെട്ടിടങ്ങളില്‍ ഒന്ന് കൂടിയാണ്. ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഇത് നിര്‍മ്മിച്ചത്. 1453 ല്‍ ഓട്ടോമന്‍ സാമ്രാജ്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതോടെയാണ് ഇത് പള്ളിയായി മാറിയത്. പില്‍ക്കാലത്ത് ഈ കെട്ടിടം മ്യൂസിയമാക്കി മാറ്റി. 1935 മുതല്‍ ഇത് മ്യൂസിയമായി നിലകൊള്ളുകയായിരുന്നു. 1985 ല്‍ ഇസ്താംബൂളിലെ ചരിത്രസ്മാരകങ്ങളോടൊപ്പം ഹാഗിയ സോഫിയയെ യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. വര്‍ഷംതോറും പത്തുനാല്പതു ലക്ഷം വിനോദ സഞ്ചാരികളെങ്കിലും വന്നു പോകുന്ന ഹാഗിയ സോഫിയ തുര്‍ക്കിയുടെ സാമ്പത്തിക സ്രോതസ്സുകളില്‍ ഒന്നുകൂടിയാണ്.

അതേസമയം ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കി മാറ്റിയതിനെതിരെ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, റഷ്യ, യുനെസ്‌കോ, വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. തുര്‍ക്കിയുടെ ഈ നീക്കം യുനെസ്‌കോ കണ്‍വെന്‍ഷന്റെ ലംഘനമാണെന്നാണ് ഗ്രീസിന്റെ വിദേശകാര്യ വകുപ്പ് ചൂണ്ടിക്കാട്ടിയത്.

Exit mobile version