ജീവനക്കാര്‍ക്ക് വീണ്ടും ആശ്വാസവുമായി ആമസോണ്‍: വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി വരെ നീട്ടി

വാഷിങ്ടണ്‍: കോവിഡ് മഹാമാരിയ്ക്കിടെ ജീവനക്കാര്‍ക്ക് വീണ്ടും ആശ്വാസ നടപടിയുമായി ആമസോണ്‍. ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി എട്ട് വരെ നീട്ടി നല്‍കിയിരിക്കുകയാണ് കമ്പനി.

നേരത്തെ ഒക്ടോബര്‍ രണ്ട് വരെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി തുടരാമെന്നാണ് ആമസോണ്‍ അറിയിച്ചിരുന്നു. ടെക് രംഗത്തെ ഭീമന്‍മാരായ ഫേസ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍ എന്നീ കമ്പനികളും നേരത്തെ വര്‍ക്ക് ഫ്രം ഹോം കാലാവധി ഈ വര്‍ഷം അവസാനം വരെ നീട്ടി നല്‍കിയിരുന്നു.

അതേസമയം, ആമസോണ്‍ കോര്‍പ്പറേറ്റ് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും. വീട്ടിലിരുന്ന് കാര്യക്ഷമമായി ജോലി ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് അത് തുടരാമെന്നും ആമസോണ്‍ വക്താവ് വ്യക്തമാക്കി.

ഓഫീസില്‍ ജോലിക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ആമസോണ്‍ അറിയിച്ചു. വെയര്‍ഹൗസ് ജീവനക്കാര്‍ക്കും ദിവസ വേതന, കരാര്‍ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം സേവനം ലഭ്യമല്ലെന്നും കമ്പനി അറിയിച്ചു.

Exit mobile version