കൊവിഡ് 19 വൈറസിന്റെ ഉറവിടം കണ്ടെത്തണം; ഡബ്ല്യൂഎച്ച്ഒ സംഘം ചൈനയില്‍

ബെയ്ജിങ്: കൊവിഡ് 19 വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഡബ്ല്യൂഎച്ച്ഒ സംഘം ചൈനയില്‍. ലോകാരോഗ്യസംഘടനയിലെ മൃഗസംരക്ഷണം, പകര്‍ച്ചവ്യാധി വിഭാഗങ്ങളിലെ രണ്ടുവിദഗ്ധരാണ് ബെയ്ജിങ്ങില്‍ രണ്ടുദിവസം ചെലവിട്ട് കൂടുതല്‍ പഠനങ്ങള്‍ക്കായുള്ള ചട്ടക്കൂടൊരുക്കുക. മൃഗങ്ങളില്‍ നിന്ന് ഈ വൈറസ് എങ്ങനെ മനുഷ്യരിലേക്ക് പടര്‍ന്നു എന്ന് കണ്ടെത്തലാണ് പ്രധാനലക്ഷ്യം. അതിനായുള്ള കൃത്യമായ പദ്ധതി ഇവര്‍ തയ്യാറാക്കുമെന്നാണ് ഡബ്ല്യൂഎച്ച്ഒ പ്രസ്താവനയില്‍ പറഞ്ഞത്. ഇതിനു ശേഷം കൂടുതല്‍ വിദഗ്ധരെത്തി അന്വേഷണം വ്യാപകമാക്കുമെന്നും അറിയിച്ചു.

അതേസമയം വവ്വാലില്‍ കാണുന്ന കൊറോണ വൈറസ് വെരുക്, ഈനാംപേച്ചി പോലുള്ള ജീവികളിലൂടെയായിരിക്കാം മനുഷ്യരിലെത്തിയതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ചൈനയിലെ വുഹാനിലെ മാംസ ചന്തയില്‍ നിന്നാവാം ഈ വൈറസ് പടര്‍ന്നതെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍.

കൊവിഡ് 19 വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം വേണമെന്ന് മേയില്‍ നടന്ന ലോകാരോഗ്യ സമ്മേളനത്തില്‍ 120 രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കൊവിഡ് 19 കൈകാര്യം ചെയ്യാന്‍ സ്വതന്ത്രപാനല്‍ രൂപവത്കരിക്കുമെന്ന് ഡബ്ല്യൂഎച്ച്ഒ കഴിഞ്ഞദിവസം ജനീവയില്‍ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയില്‍നിന്ന് പിന്മാറാനുള്ള തീരുമാനം യുഎസ് ഐക്യരാഷ്ട്രസഭയെ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഈ പാനലിന് ന്യൂസീലാന്‍ഡ് മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്, ലൈബീരിയയുടെ മുന്‍ പ്രസിഡന്റ് എലെന്‍ ജോണ്‍സണ്‍ സര്‍ലീഫ് എന്നിവര്‍ നേതൃത്വം നല്‍കാമെന്ന് സമ്മതിച്ചതായും ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസൂസ് അറിയിച്ചു.

അതേസമയം ലോകത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 1,26,14,260 ആയി ഉയര്‍ന്നു.
വൈറസ് ബാധമൂലം ഇതുവരെ 5,61,980 പേരാണ് മരിച്ചത്. 47,32,834 പേരാണ് നിലവില്‍ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്. ഇതില്‍ 59,000ത്തോളം രോഗികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version