ഇന്ധന വിലക്കയറ്റത്തിനെ കലാപം; ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

പാരീസ്: ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. ഇന്ധന വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ നടക്കുന്ന പ്രക്ഷോഭം വന്‍ കലാപത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് അന്താരാഷ്ട്ര മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ധന വില കൂടിയതിനെ തുടര്‍ന്ന് തലസ്ഥാനമായ പാരീസില്‍ ആയുധങ്ങളുമായി മഞ്ഞ വേഷം ധരിച്ചെത്തിയ പ്രക്ഷോഭകര്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും തീവച്ചു.

ഇതുവരെ പ്രക്ഷോഭത്തില്‍ അറസ്റ്റിലായവര്‍ 288 പേരാണ്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 133 പേര്‍ക്കു പരുക്കേറ്റു. എന്നാല്‍ 412 പേരെ അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച നടന്ന സംഘര്‍ഷത്തില്‍ 23 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ട്. മൂന്നാഴ്ച മുന്‍പാണ് ഇവിടെ ഇന്ധന വിലവര്‍ധനവിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്.

ജീവിതച്ചെലവും ഇന്ധന നികുതിയും കൂടിയ സാഹചര്യത്തിലാണു രണ്ടാഴ്ചയായി ദേശീയ തലത്തില്‍ പ്രതിഷേധം ഉയര്‍ന്നത്. ഇതു പിന്നീട് അക്രമത്തിലേക്കു വഴി മാറുകയായിരുന്നു. കൃത്യമായ സംഘടനയോ നേതൃത്വമോ ഇല്ലാതെയാണ് പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രധാന മന്ത്രിയുമായുള്‍പ്പെടെ അടിയന്തര ചര്‍ച്ചകള്‍ നടത്തി.

Exit mobile version