കോവിഡിനോട് പൊരുതി വിജയിച്ചു, ആശുപത്രി വിടാന്‍ നേരം ലഭിച്ചത് 181 പേജുള്ള ബില്‍, അടക്കേണ്ടത് എട്ട് കോടിയിലധികം രൂപ, ഞെട്ടലില്‍ നിന്നും ഇനിയും മോചിതനാവാതെ 70കാരന്‍

വാഷിങ്ടണ്‍: ഗുരുതരാവസ്ഥയിലായിരുന്നിട്ടും കോവിഡിനോട് പൊരുതി വിജയിച്ച് ഒടുവില്‍ ആശുപത്രി വിടാന്‍ നേരം ബില്ല് കണ്ട് ഞെട്ടി എഴുപതുകാരന്‍. 1.1 മില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആശുപത്രി ചെലവായി ലഭിച്ച ബില്‍ത്തുക. ഇത് ഏകദേശം 8,35,52,700 രൂപ വരും.

മൈക്കല്‍ ഫ്‌ളോര്‍ എന്ന എഴുപതുകരാനാണ് കോടിക്കണക്കിന് രൂപ ആശുപത്രി ബല്‍ ലഭിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് നാലിനാണ് യുഎസിലെ വടക്കുപടിഞ്ഞാറന്‍ നഗരത്തിലെ ആശുപത്രിയില്‍ മൈക്കല്‍ ഫ്‌ളോറിനെ പ്രവേശിപ്പിച്ചത്.

62 ദിവസത്തോളം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. അതിനിടെ മൈക്കിള്‍ ഫ്‌ളോറിന്റെ ആരോഗ്യനില വഷളായി. അവസാനമായി കുടുംബാംഗങ്ങളോട് സംസാരിക്കാനുള്ള അവസരം വരെ ആശുപത്രി ജീവനക്കാര്‍ മൈക്കില്‍ ഫ്‌ളോറിന് ഒരുക്കിയിരുന്നു.

എന്നാല്‍ രോഗത്തെ അതിജീവിച്ച് അദ്ദേഹം ജീവിതത്തിലേക്ക് തിരികെയെത്തി. തുടര്‍ന്ന് മെയ് അഞ്ചിന് ഫ്‌ളോറിനെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ ആശുപത്രി അധികൃതര്‍ നല്‍കിയ ബില്‍ കണ്ട് ഫ്‌ളോറും കുടുംബാംഗങ്ങളും ഒന്ന് ഞെട്ടി. എട്ട് കോടിയിലധികം രൂപയായിരുന്നു ബില്‍.

181 പേജുള്ള ബില്ലാണ് ഫ്‌ളോറിന് ലഭിച്ചത്, ആകെ തുക $1,122,501.04. തീവ്രപരിചരണ മുറിയ്ക്ക് ദിവസേന 9,736 ഡോളറാണ് വാടക. 29 ദിവസത്തെ വെന്റിലേറ്റര്‍ വാടക 82,000 ഡോളര്‍, 42 ദിവസത്തേക്ക് മുറി അണുവിമുക്തമാക്കുന്നതിന് 4,09,000 ഡോളര്‍, രണ്ട് ദിവസം ഗുരുതരാവസ്ഥയിലായതിന്റെ ചികിത്സയ്ക്ക് 1,00,000 ഡോളര്‍. ഇങ്ങനെയാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗവണ്മെന്റ് നല്കി വരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ഫ്‌ളോറിന് ലഭിക്കുമെന്നതിനാല്‍ സ്വന്തം കയ്യില്‍ നിന്ന് ഇത്രയും തുക അദ്ദേഹത്തിന് നല്‌കേണ്ടി വരില്ല. എങ്കിലും ഇത്രയും വലിയ തുക ആശുപത്രി അധികൃതര്‍ വാങ്ങുന്നതില്‍ അദ്ദേഹം ആശങ്കയും പ്രകടിപ്പിച്ചു.

Exit mobile version