60 വയസിന് മുകളിലുള്ളവര്‍ മെഡിക്കല്‍ മാസ്‌ക് ധരിക്കണം, മറ്റുള്ളവര്‍ നിര്‍ബന്ധമായും ത്രീ ലെയര്‍ മാസ്‌ക് ഉപയോഗിക്കണം; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മാസ്‌ക്ക് ശീലമാക്കണമെന്ന നിര്‍ദേശം നല്‍കി ലോകാരോഗ്യ സംഘടന. പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പടെ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നേരത്തേ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിനെ ലോകാരോഗ്യ സംഘടന പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍ രോഗവ്യാപനതോത് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ മാസ്‌ക്ക് ശീലമാക്കണമെന്ന നിര്‍ദേശം സംഘടന ഇപ്പോള്‍ ലോകരാജ്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

അറുപത് വയസിന് മുകളിലുള്ളവരും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും പുറത്തിറങ്ങുമ്പോള്‍ മെഡിക്കല്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. മറ്റുള്ളവര്‍ നിര്‍ബന്ധമായും ത്രീ ലെയര്‍ മാസ്‌കും ഉപയോഗിക്കണമെന്നാണ് സംഘടന പറയുന്നത്. വൈറസ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങള്‍ നല്‍കുന്ന ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാസ്‌ക് ധരിക്കുന്നതിനൊപ്പം കൊവിഡ് വൈറസിനെ ചെറുക്കാന്‍ എല്ലാവരും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസൂസ് പറഞ്ഞു.

Exit mobile version