കൊവിഡ് 19; അമേരിക്കയില്‍ മരണം ഒരു ലക്ഷത്തിലേക്ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ലക്ഷത്തിനടുത്തെത്തി. ഇതുവരെ 99,805 പേരാണ് അമേരിക്കയില്‍ വൈറസ് ബാധമൂലം മരിച്ചത്. പത്തൊന്‍പതിനായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ലോകത്താകെ കൊവിഡ് മരണസംഖ്യ മൂന്ന് ലക്ഷത്തി നാല്‍പത്തി എഴായിരത്തി അഞ്ഞൂറ് കടന്നു. 55 ലക്ഷത്തിലേറെ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യം ബ്രസീലാണ്. ബ്രസീലില്‍ 3.76 ലക്ഷം കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍ 806 പേരാണ് മരിച്ചത്. ഇതോടെ ബ്രസീലില്‍ മരണസംഖ്യ 23,522 ആയി.

അതേസമയം കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നന ആന്റി മേലറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം ലോകാരോഗ്യ സംഘടന താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സുരക്ഷാ ആശങ്കയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് പരീക്ഷണം റദ്ദാക്കിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. കൊവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് നല്‍കുന്നത് മരിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് കഴിഞ്ഞ ആഴ്ച മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ വന്ന പഠന റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം പറഞ്ഞത്.

Exit mobile version