‘മാസ്‌ക്, ഷീല്‍ഡ് ഗ്ലൗസ് പിന്നെ വാട്ടര്‍ ഗണ്ണും’ പള്ളിയിലെത്തുന്ന വിശ്വാസികളെ ഈ വൈദികന്‍ സ്വീകരിക്കുന്നത് ഇങ്ങനെ, വീഡിയോ വൈറല്‍

ഡെട്രോയിറ്റ് (മിഷിഗണ്‍): കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാസ്‌ക് ധരിച്ചും സാനിറ്റൈസറും ഉപയോഗിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ലോകം. ഇതിനിടയില്‍ വൈറലാവുകയാണ് ഒരു വൈദികന്‍. വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് പള്ളിയിലെത്തിയ വിശ്വാസികളെ ഹനാന്‍ വെള്ളം തളിക്കുന്ന കാത്തലിക് പുരോഹിതനാണ് ആ താരം.

കൊവിഡ് 19 മഹാമാരി പിടിച്ചു കുലുക്കിയ അമേരിക്കയിലെ മിഷിഗണിലെ ഡെട്രോയിറ്റിലാണ് സംഭവം. ഡെട്രോയിറ്റിലെ സെന്റെ ആബ്രോസ് റോമന്‍ കത്തോലിക് പള്ളിയിലാണ് വേറിട്ട പ്രതിരോധ പ്രവര്‍ത്തനവുമായി പുരോഹിതന്‍ എത്തിയത്. പള്ളി വികാരിയായ തിമോത്തി പെല്‍ക് ആണ് വാഹനങ്ങളിലെത്തിയ വിശ്വാസികള്‍ക്ക് അകലം പാലിച്ചുകൊണ്ട് വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് ആശീര്‍വാദം നല്‍കിയത്.

മാസ്‌കും ഫേസ് ഷീല്‍ഡും കൈയ്യില്‍ റബ്ബര്‍ ഗ്ലൗസും അണിഞ്ഞാണ് പുരോഹിതനെത്തിയത്. കൊറോണ വൈറസ് വ്യാപനം തടയാന്‍ നിര്‍ദേശിച്ച മാര്‍ഗങ്ങള്‍ പിന്തുടര്‍ന്ന് കൊണ്ട് തന്നെ വിശ്വാസികള്‍ക്കായി സേവനം ചെയ്യുന്ന വൈദികന്റെ ചിത്രം പള്ളിയുടെ ഫേസ്ബുക്ക് പേജില്‍ തന്നെയാണ് അപ്ലോഡ് ചെയ്തത്. സംഭവം ഇതിനോടകം വൈറലാവുകയും ചെയ്തു. ഡെട്രോയിറ്റിലെ ഗ്രോസേ പോയിന്റിലാണ് സെന്റ് ആബ്രോസ് പള്ളി സ്ഥിതി ചെയ്യുന്നത്. ഈസ്റ്റര്‍ അനുബന്ധ ചടങ്ങുകള്‍ക്കിടെയിലാണ് ചിത്രം എടുത്തത്. മഹാമാരിക്കിടയിലും വൈറസ് വ്യാപനത്തിന് അവസരമുണ്ടാവാതെ ആചാരങ്ങള്‍ തുടരാന്‍ വേണ്ടിയായിരുന്നു ഇത്തരമൊരു ശ്രമം നടത്തിയതെന്നും വൈദികന്‍ പ്രതികരിച്ചു.

Exit mobile version