ചക്ക പൊളിയേ; മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഇനി ചക്കയില്‍ നിന്നും ചാര്‍ജ് ചെയ്യാം

ആലപ്പുഴ: ചക്കയില്‍ നിന്നും ഇനി ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ചാര്‍ജ് ചെയ്യാം. വാര്‍ത്ത കേട്ട് ഞെട്ടണ്ട, ഓസ്‌ട്രേലിയയിലെ ഗവേഷകരാണ് ചക്കയിലെ ഈ സാധ്യത വെളിപ്പെടുത്തിരിക്കുന്നത്. എന്നാല്‍ ചക്ക മുഴുവന്‍ വേണ്ട, ചുളയും മടലുമെല്ലാം ഉപയോഗിച്ച് ബാക്കിവരുന്ന കൂഞ്ഞില്‍ മാത്രംമതി പവര്‍ബാങ്ക് ഉണ്ടാക്കാന്‍.

ഓസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് കെമിക്കല്‍ ആന്‍ഡ് ബയോമോളിക്കുലര്‍ എന്‍ജിനിയറിങ്ങിലെ അസോസിയേറ്റ് പ്രൊഫസര്‍ വിന്‍സന്റ് ഗോമസ് നടത്തിയ ഗവേഷണത്തിലാണ് ചക്കയില്‍ നിന്നും ചാര്‍ജ് ചെയ്യാനുള്ള ഈ സാധ്യത കണ്ടെത്തിയിരിക്കുന്നത്.

ചക്കയുടെ കൂഞ്ഞില്‍ അടക്കമുള്ള മാംസളഭാഗം ഈര്‍പ്പം നീക്കംചെയ്ത് കാര്‍ബണ്‍ എയ്‌റോജെല്‍ ആക്കി ഉണ്ടാക്കുന്ന ഇലക്ട്രോഡുകള്‍ സൂപ്പര്‍ കപ്പാസിറ്ററുകള്‍ ആണെന്നാണ് കണ്ടെത്തല്‍. ചക്കക്കൂഞ്ഞിനെ ഓട്ടോക്‌ളേവ് വഴി വേവിച്ചശേഷം ഫ്രീസ് ഡ്രൈ (അതിശീത പ്രയോഗത്തിലൂടെ ഈര്‍പ്പരഹിതമാക്കുന്ന വിദ്യ) ചെയ്തുകഴിയുമ്പോള്‍ കാര്‍ബണ്‍ എയ്‌റോജെല്‍ കിട്ടും. ഇത് ഇലക്ട്രോഡുകളാക്കി അതില്‍ വൈദ്യുതി സംഭരിക്കുന്നു.

അതിവേഗ ചാര്‍ജ് കൈമാറ്റവും ഈ കപ്പാസിറ്ററുകള്‍ പ്രകടിപ്പിക്കുന്നു. ഇത് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കും. സാധാരണ ബാറ്ററികളില്‍ സംഭരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഇതില്‍ അതിവേഗം സംഭരിക്കാമെന്ന് ഗവേഷകന്‍ ചൂണ്ടിക്കാട്ടുന്നു.

ജൈവ അവശിഷ്ടങ്ങളില്‍നിന്ന് ലളിതവും രാസമുക്തവുമായ ഹരിതമാര്‍ഗങ്ങളിലൂടെ വികസിപ്പിക്കുന്ന ഈ കാര്‍ബണ്‍ എയ്‌റോജെല്‍ കപ്പാസിറ്റര്‍ പരിസ്ഥിതി സൗഹൃദവുമാണ്. ശേഷി കൂടുതലും നിര്‍മാണച്ചെലവ് കുറവുമെന്നാണ് ഗവേഷകന്‍ അവകാശപ്പെടുന്നത്.

ചക്കയ്ക്കുപുറമേ ദുരിയാന്‍ പഴത്തിന്റെ കൂഞ്ഞും ഇതിനായി ഉപയോഗിക്കാമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. എന്തായാലും പുതിയ കണ്ടെത്തല്‍ ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

Exit mobile version