മഹാപ്രളയത്തിലെ രക്ഷകരായ നാവികസേന സംഘത്തിലെ തലവന്‍ വിജയ് വര്‍മ്മയെയും ക്യാപ്റ്റന്‍ രാജ് കുമാറിനെയും തേടി ‘ഏഷ്യന്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം

ഇവരുടെ നേതൃത്വത്തിലും കഠിനമായ രക്ഷാപ്രവര്‍ത്തനത്തിലൂടെയും ഒരു പിഞ്ചു കുഞ്ഞ് പിറവി എടുത്തെത്തത് നാം മലയാളികള്‍ മറക്കാന്‍ ഇടയില്ല.

സിങ്കപ്പൂര്‍ സിറ്റി: കേരളത്തെ തകര്‍ത്തെറിഞ്ഞ മഹാപ്രളയത്തില്‍ മലയാളികളുടെ രക്ഷകരായി എത്തിയ നാവിക സേന സംഘത്തിലെ തലവന്‍ കമാഡര്‍ വിജയ് വര്‍മ്മയ്ക്കും കൂടെ ഉണ്ടായിരുന്ന ക്യാപ്റ്റന്‍ പി രാജ്കുമാറിനും ‘ഏഷ്യന്‍ ഓഫ് ദ ഇയര്‍’ പുസ്‌കാരം. ഇവരുടെ നേതൃത്വത്തിലും കഠിനമായ രക്ഷാപ്രവര്‍ത്തനത്തിലൂടെയും ഒരു പിഞ്ചു കുഞ്ഞ് പിറവി എടുത്തെത്തത് നാം മലയാളികള്‍ മറക്കാന്‍ ഇടയില്ല. ഹെലികോപ്റ്ററില്‍ നിന്ന് നീണ്ടുവന്ന കയറില്‍ തൂങ്ങിയാണ് നിറഗര്‍ഭിണിയായ സാജിതയെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിച്ചത്.

ആ സമയം നിറവയറിനുള്ളിലെ പിഞ്ചു കുഞ്ഞിന്റെ ജീവനെ കുറിച്ചുള്ള ആധിയായിരുന്നു. ആശുപത്രിയില്‍ ഉടന്‍ എത്തിച്ച് വേണ്ട പരിരക്ഷ നല്‍കിയപ്പോള്‍ സുഖപ്രസവം. ആ കണ്ണുനിറയ്ക്കുന്ന രംഗങ്ങള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല എന്ന് തീര്‍ത്തും പറയാം. അത്രമേല്‍ ജീവന്‍ പണം വെച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളായിരുന്നു അന്ന് നടന്നിരുന്നത്. മഹാപ്രളയത്തിനിടെ ഓഗസ്റ്റ് 17-നാണ് ആലുവ സ്വദേശി സാജിത വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സഞ്ജീവനി ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച മലയാളി കമാന്‍ഡര്‍ വിജയ് വര്‍മ്മയെ (42) അന്ന് കേരളം ഏറെ പ്രകീര്‍ത്തിച്ചിരുന്നു.

32 പേരെയാണ് അദ്ദേഹം അന്ന് രക്ഷപ്പെടുത്തിയത്. കോഴിക്കോട് കോട്ടൂളി എന്‍ആര്‍ആര്‍ വര്‍മ്മയുടെയും അമ്മിണി വര്‍മ്മയുടെയും മകനാണ് വിജയ് വര്‍മ്മ. ഭാര്യ ധന്യ വര്‍മ്മ മാധ്യമപ്രവര്‍ത്തകയാണ്. മൂന്നുമക്കളുണ്ട്. കൊച്ചിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ക്യാപ്റ്റന്‍ പി രാജ്കുമാര്‍ (54) മരത്തിന്റെ മുകളിലും മേല്‍ക്കൂരകളിലും കയറിനിന്ന 26 പേരുടെ ജീവനാണ് രക്ഷപ്പെടുത്തിയത്. സാഹസികരും അത്യാവശ്യഘട്ടങ്ങളില്‍ ഉത്തവാദിത്വത്തോടെ പെരുമാറുകയും ചെയ്തവരെയാണ് ഇത്തവണ തെരഞ്ഞെടുത്തതെന്ന് പുരസ്‌കാരം നല്‍കുന്ന ദ സ്‌ട്രെയ്റ്റ്‌സ് ടൈംസ് ഡെയ്ലി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Exit mobile version