പാരീസിലും സമീപപ്രദേശങ്ങളിലും നിന്ന് ശേഖരിച്ച ജലത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം; ജലവിതരണം നിര്‍ത്തിവെച്ചു

പാരീസ്: പാരീസിലും സമീപപ്രദേശങ്ങളിലും നിന്ന് ശേഖരിച്ച ജലത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. നഗരത്തിലെ റോഡുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കാനായി ഉപയോഗിക്കുന്ന ജലത്തിലാണ് കൊറോണവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വളരെ ചെറിയ അളവിലാണ് ജലത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. 27 ജലസാംപിളുകളില്‍ നാലെണ്ണത്തിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ജലവിതരണം അടിയന്തരമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

അതേസമയം കുടിക്കാനായി വിതരണം ചെയ്യുന്ന വെള്ളത്തില്‍ അപകടമില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. കുടിവെള്ള വിതരണത്തിന് ഇതുമായി യാതൊരു ബന്ധമില്ലെന്നും നിലവില്‍ സുരക്ഷിതമാണെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നുമാണ് നഗരസഭാ പരിസ്ഥിതി ഉദ്യോഗസ്ഥയായ സീലിയ ബ്ലോവല്‍ അറിയിച്ചത്. കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പായി മേഖലാആരോഗ്യ ഏജന്‍സിയോട് വിശകലനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സീലിയ വ്യക്തമാക്കി.

പാരീസിലെയും സമീപപ്രദേശങ്ങളിലും നഗരശുചീകരണത്തിനും പാര്‍ക്കുകളിലേയും ഉദ്യാനങ്ങളിലേയും ചെടികള്‍ നനയ്ക്കുന്നതിനും മറ്റും വേണ്ടി സൈന്‍ നദിയില്‍ നിന്നും ഓര്‍ക്ക് കനാലില്‍ നിന്നുമാണ് വെള്ളം എടുക്കുന്നത്. അതേസമയം ഫ്രാന്‍സില്‍ വൈറസ് ബാധ മൂലം കഴിഞ്ഞ ദിവസം 395 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 19,718ആയി.

Exit mobile version