കൊവിഡ് പ്രതിസന്ധി; പൗരന്മാരെ ചേര്‍ത്തു പിടിച്ച് ജപ്പാന്‍; എല്ലാവര്‍ക്കും ഒരു ലക്ഷം യുവാന്‍ ധനസഹായം

ടോക്കിയോ: രാജ്യത്ത് കൊവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ഓരോ പൗരന്മാര്‍ക്ക് ഒരു ലക്ഷം യുവാന്‍(ഏകദേശം 71,000 രൂപ) ധനസഹായം പ്രഖ്യാപിച്ച് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെ. എല്ലാവര്‍ക്കും രണ്ട് മാസ്‌ക് വീതം സൗജന്യമായി നല്‍കുമെന്നും അബെ അറിയിച്ചു. കഴിഞ്ഞ ദിവസം ദേശീയ ടെലിവിഷന്‍ ചാനലിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

രാജ്യവ്യാപകമായി പ്രഖ്യാപിച്ച കൊവിഡ് അടിയന്തരാവസ്ഥ ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം വിശദീകരിക്കുന്നതിനിടെയായിരുന്നു അബെ സഹായം പ്രഖ്യാപിച്ചത്. ലോകരാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറവാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജപ്പാനില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിരുന്നു. ഇതോടെയാണ് അടിയന്തരാവസ്ഥ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചത്.

മെയ് ആറിന് സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് ആവശ്യമെങ്കില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും, യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും അബെ നിര്‍ദേശിച്ചു. ഏപ്രില്‍ അവസാനത്തിലും മെയ് ആദ്യത്തിലുമായുള്ള ‘അവധിയുടെ സുവര്‍ണ്ണ ആഴ്ച്ച’യെന്ന് വിശേഷിപ്പിക്കുന്ന ദിവസങ്ങള്‍ ജപ്പാനില്‍ പൊതു അവധി ദിനങ്ങളാണ്. ഈ ദിവസങ്ങളിലാണ് പൊതുവേ ജപ്പാന്‍കാര്‍ ബന്ധുക്കളെ സന്ദര്‍ശിക്കുക. എന്നാല്‍ ഈ വര്‍ഷം കൊവിഡ് കണക്കിലെടുത്ത് യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നാണ് അബെ നിര്‍ദേശിച്ചത്.

നമ്മുടെ പ്രവൃത്തികളാണ് നമ്മുടെ ഭാവി നിര്‍ണ്ണയിക്കുകയെന്നും, ഇപ്പോഴും 70 ശതമാനം സമൂഹ സമ്പര്‍ക്കം കുറക്കുകയെന്ന ലക്ഷ്യം സാധ്യമായിട്ടില്ലെന്നും അബെ പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ജപ്പാനില്‍ ലോക്ഡൗണ്‍ ലംഘിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമമില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പ്രാദേശിക ഗവര്‍ണ്ണര്‍മാര്‍ക്കാണ് ജപ്പാനില്‍ അതാത് പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ തീരുമാനിക്കാനുള്ള അധികാരമുള്ളത്.

അതെസമയം പ്രഖ്യാപിച്ച സഹായധനം മെയ് മാസത്തില്‍ ഓരോ പൗരനും നല്‍കാന്‍ തുടങ്ങുമെന്ന് രാജ്യത്തെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ടാരെ അസെ ടോക്കിയോയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Exit mobile version