ലോക്ക് ഡൗണില്‍ കുടുംബബന്ധങ്ങള്‍ തകരുന്നു; ചൈനയില്‍ വിവാഹ മോചന കേസുകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് ചൈനയില്‍ വിവാഹ മോചന കേസുകളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് ഗാര്‍ഹിക അതിക്രമ കേസുകളും വര്‍ധിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍ബന്ധിത ലോക്ക് ഡൗണ്‍ കാലമായ മാര്‍ച്ച് മാസത്തില്‍ മാത്രം കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായാണ് വിവരം. ഇത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന മറ്റു രാജ്യങ്ങള്‍ക്കു കൂടിയുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.

മധ്യ ചൈനയിലെ സിയാന്‍ നഗരം, സിചുവാന്‍ പ്രവിശ്യയിലെ ദാസ്വേ എന്നിവ മാര്‍ച്ച് തുടക്കത്തില്‍ തന്നെ വിവാഹ മോചന കേസുകളുടെ എണ്ണത്തില്‍ റെക്കോഡിട്ടിരുന്നു. ഇതു സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ പോലും ഗുരുതരമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്.

വിവാഹമോചന പരാതികള്‍ നല്‍കാന്‍ എത്തിയവരുടെ നീണ്ട നിര കാരണം ഹുനാന്‍ പ്രവിശ്യയിലെ മിലുവോയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളം കുടിക്കാന്‍ പോലും സമയം കിട്ടിയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരാതിക്കാരുടെ എണ്ണം കൂടിയതോടെ മാര്‍ച്ച് പകുതിയില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ് തകരാറിലാകുകയും ചെയ്തു.

”നിസാരകാര്യങ്ങളാണ് പലരുടെയും ജീവിതം സംഘര്‍ഷഭരിതമാക്കിയത്. പരസ്പരം കാര്യങ്ങള്‍ സംസാരിക്കാന്‍ തയാറാകാതെയാണ് പലരും വിവാഹബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചത്. ‘ സിറ്റി രജിസ്‌ട്രേഷന്‍ സെന്ററിന്റെ ഡയറക്ടര്‍ യി സിയാവന്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് പകുതിയോടെ തന്റെ ഓഫീസില്‍ എത്തുന്ന വിവാഹമോചന ഹര്‍ജികളുടെ എണ്ണം 25% വര്‍ധിച്ചതായി ജെന്റില്‍ ആന്‍ഡ് ട്രസ്റ്റ് ലോ ഫേമിലെ അഭിഭാഷകനായ സ്റ്റീവ് ലി പറയുന്നു.

വിവാഹമോചനത്തിനുള്ള കാരണമായി പലരും പറഞ്ഞത് പങ്കാളിയോടുള്ള അവിശ്വാസമാണെന്നും അദ്ദേഹം പറയുന്നു. ‘വീടുകളില്‍ ഇല്ലാത്തപ്പോള്‍ എല്ലാവര്‍ക്കും പ്രണയിക്കാന്‍ നന്നായി അറിയാം. എന്നാല്‍ വീട്ടില്‍ ഒരു ദിവസം തങ്ങിയാല്‍ സ്ഥിതി വഷളാകുകയാണ്. ന്യൂ ഇയര്‍ പോലുള്ള അവധി ദിനങ്ങളിലും കുടുംബ ബന്ധങ്ങള്‍ വഷളാകാറുണ്ട്. വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണില്‍ പല നഗരങ്ങളിലെയും ദമ്പതികള്‍ക്ക് ഒരേ വീട്ടില്‍ രണ്ടു മാസത്തോളം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. കൂടുതല്‍ സമയം ഒന്നിച്ചിരിക്കുമ്പോള്‍ അവര്‍ പരസ്പരം വെറുക്കുന്നു” അഭിഭാഷകന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 4.15 ദശലക്ഷം ചൈനീസ് ദമ്പതികളാണ് വിവാഹ മോചിതരായത്. 2003 ല്‍ നിയമങ്ങള്‍ ലളിതമാക്കിയതുമുതല്‍ ചൈനയില്‍ വിവാഹമോചനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. .

Exit mobile version