കൊവിഡ് 19; ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു, വൈറസ് ബാധമൂലം ഇന്നലെ മാത്രം മരിച്ചത് 980 പേര്‍

ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധമൂലം ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. കൂത്താട്ടുകുളം സ്വദേശി സിബി മാണി(50) ആണ് മരിച്ചത്. ഡെര്‍ബിയിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ ഒരാഴ്ചയോളമായി ചികില്‍സയിലായിരുന്ന സിബി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. വൈറസ് ബാധമൂലം ബ്രിട്ടണില്‍ മരിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് സിബി. സംസ്‌കാരം ബ്രിട്ടനില്‍ തന്നെ നടത്തും. ഭാര്യയും രണ്ട് മക്കളുമുണ്ട്.

അതേസമയം വൈറസ് ബാധമൂലം ചികിത്സയിലായിരുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഇതേതുടര്‍ന്ന് ഇദ്ദേഹത്തെ ഐസിയുവില്‍ നിന്ന് മാറ്റി. അദ്ദേഹം ആശുപത്രിയിലെ മുറിയില്‍ ചെറുതായി നടന്നതായും വേഗം സുഖം പ്രാപിച്ചു വരുന്നതായും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.

കൊവിഡ് 19 വൈറസ് ബാധമൂലം ബ്രിട്ടനില്‍ ഇന്നലെ മാത്രം വിവിധ ആശുപത്രികളിലായി 980 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണനിരക്ക് 8958 ആയി. ആഗോളതലത്തില്‍ വൈറസ് ബാധമൂലം ഒരു ലക്ഷത്തിലധികം പേരാണ് മരിച്ചത്. അമേരിക്കയില്‍ വൈറസ് ബാധമൂലം ഇന്നലെ മാത്രം രണ്ടായിരത്തിലധികം പേരാണ് മരിച്ചത്.

Exit mobile version