ലോകം കൊറോണ ഭീതിയില്‍, ഉത്തരകൊറിയ മിസൈല്‍ പരീക്ഷണത്തില്‍; കൊറോണ കണക്ക് ചോദിച്ചപ്പോള്‍ പൂജ്യം കേസുകളെന്ന് കിം ജോങ് ഉന്‍

സിയോള്‍: ലോകത്താകമാനം കൊറോണ പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുക്കുമ്പോഴും തുടക്കം മുതല്‍ ഇന്നുവരെ ഞങ്ങളെ കൊറോണ ബാധിച്ചിട്ടില്ലെന്ന് ആണയിട്ട് പറയുകയാണ് ഉത്തരകൊറിയ. രാജ്യത്ത് പൂജ്യം കൊറോണ കേസുകള്‍ ആണെന്ന് കിം ജോങ് ഉന്‍ അഹങ്കാരത്തോടെ പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ സംശയദൃഷ്ടിയോടെയാണ് രാജ്യാന്തരസമൂഹം നിരീക്ഷിക്കുന്നത്.

ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ് മറ്റുരാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ അവശ്യമായ മുന്‍ കരുതലെടുക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതുകൊണ്ടാണ് രോഗ ഭീഷണി തടയാനായതെന്ന് ഉത്തര കൊറിയ അവകാശപ്പെടുന്നു.

ചൈനയിലും, ദക്ഷിണ കൊറിയയിലും പെനിന്‍സുലയിലും കൊറോണ കേസുകള്‍ കൂടിവരുമ്പോഴും രാജ്യത്ത് ഒരു കൊറോണ കേസ് പോലും ഇല്ലെന്നാണ് മാര്‍ച്ച് 13ന് ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ലോകാരോഗ്യസംഘടനയ്ക്ക് റിപ്പോര്‍ട്ട് നല്കിയത്. എന്നാല്‍ രാജ്യത്തേക്കുള്ള പ്രവേശനവും രാജ്യത്ത് നിന്നുള്ള യാത്രകളും നിരോധിച്ചു. റെയില്‍,വ്യോമ,റോഡ് ഗതാഗതം നിരോധിച്ചു.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചു. നയതന്ത്ര പ്രതിന്ധികളുള്‍പ്പെടെ വിദേശത്ത് നിന്നെത്തിയ എല്ലാവരേയും 30 ദിവസം ക്വാറന്റൈനിലാക്കി. കഴിഞ്ഞ 24 ദിവസമായി ഉത്തരകൊറിയ ഒരു വിമാനം പോലും പറത്തിയിട്ടില്ലെന്ന് മാര്‍ച്ച് 14ന് ദക്ഷിണകൊറിയയിലുള്ള യുഎസ് സൈനിക കമാന്‍ഡര്‍ ജനറല്‍ റോബര്‍ട്ട് എബ്രാംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഉത്തരകൊറിയയിലും കൊറോണ കേസുകളുണ്ടെന്ന് ഉറപ്പായി.

എന്നാല്‍ രാജ്യത്ത് കൊറോണയില്ലെന്ന സൂചനയാണ് പലപ്പോഴായും ഉത്തരകൊറിയ നല്‍കിയത്. ലോകത്ത് കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായ നിലയില്‍ നില്‍ക്കുമ്പോള്‍ എക്കാലത്തേയും കൂടുതല്‍ മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഉത്തരകൊറിയയില്‍ കൊറോണ ബാധ ഇല്ലാതിരിക്കാന്‍ യാതൊരു സാധ്യതയും ഇല്ലെന്നാണ് ബ്രിട്ടീഷ് ഗവേഷകനായ ആന്‍ഡ്രെ അബ്രഹാമിയന്‍ പറയുന്നത്. കൊറോണയില്ലെന്ന ഉത്തരകൊറിയ പുറത്തുവിടുന്ന വിവരങ്ങളെ കണ്ണടച്ച് വിശ്വസിക്കാന്‍ രാജ്യാന്തര സമൂഹം തയ്യാറായിട്ടില്ലെന്നതാണ് സത്യം.

Exit mobile version