‘ഹനുമാന്‍ ഹിമാലയത്തില്‍ നിന്ന് മൃതസജ്ഞീവനി കൊണ്ടുവന്നപോലെ, യേശു അന്ധന് കാഴ്ച നല്‍കിയ പോലെ ഇന്ത്യ ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് ഞങ്ങള്‍ക്ക് നല്‍കണം’; അഭ്യര്‍ത്ഥനയുമായി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോ

ബ്രസീലിയ: കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ തങ്ങള്‍ക്ക് കൂടി നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ബ്രസീല്‍. ഹനുമാന്‍ ഹിമാലയത്തില്‍ നിന്ന് മൃതസജ്ഞീവനി കൊണ്ടുവന്നപോലെ, യേശു അന്ധന് കാഴ്ച നല്‍കിയ പോലെ ഇന്ത്യ ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് ഞങ്ങള്‍ക്ക് കൂടി നല്‍കണമെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോ ഇന്ത്യക്ക് അയച്ച കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ജനങ്ങള്‍ക്കായി ബ്രസീലും ഇന്ത്യയും ഒരുശക്തിയായി നിന്ന് കൊവിഡ് 19 വൈറസിനെ അതിജീവിക്കണമെന്നും ബൊല്‍സാനരോ കത്തില്‍ എഴുതി.

കഴിഞ്ഞ ശനിയാഴ്ച നരേന്ദ്ര മോഡിയുമായി ബൊല്‍സാനരോ ഫോണില്‍ സംസാരിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ലോകത്തെ സാഹചര്യങ്ങളെ കുറിച്ചാണ് ഇരുവരും ചര്‍ച്ച ചെയ്തത്. എങ്ങനെ യോജിച്ച് നിന്ന് കൊവിഡിനെ നേരിടാമെന്ന് ബൊല്‍സാനരോയുമായി ചര്‍ച്ച ചെയ്തെന്ന് മോഡി ഇതിനെ കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യക്ക് സാധിക്കുന്നത് പോലെ എല്ലാ സഹായങ്ങളും ബ്രസീലിന് വേണ്ടി ചെയ്യുമെന്നും
അന്ന് മോഡി വ്യക്തമാക്കിയിരുന്നു.

കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യ പിന്‍വലിച്ചിരിക്കുകയാണ്. അതേസമയം നിയന്ത്രിത മരുന്ന് പട്ടികയില്‍ പാരസെറ്റമോളും ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ തുടരുമെന്നും എന്നാല്‍ ഈ മരുന്നുകള്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് 19 വൈറസിന്റെ കാലത്ത് മാനുഷിക പരിഗണന വെച്ചാണ് ഇത്തരത്തിലൊരു ഇളവ് നല്‍കാന്‍ തീരുമാനിച്ചത് എന്നുമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. അതേസമയം അമേരിക്കയ്ക്ക് മരുന്ന് നല്‍കാമെന്ന് സമ്മതിച്ചതോടെ മോഡിയെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ട്രംപ്. മോഡി മികച്ച ഒരു നേതാവും നല്ലൊരു വ്യക്തിയുമാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

Exit mobile version