104 വയസുള്ള ഇറ്റലിയിലെ മുത്തശ്ശി കൊറോണയെ അതിജീവിച്ച് ജീവിതത്തിലേക്ക്!

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

ഇറ്റലി: സന്തോഷവും പ്രതീക്ഷയും അത്ഭുതവുമുള്ള വാര്‍ത്തയാണ് ഇറ്റലിയില്‍നിന്നും വരുന്നത്. ഇറ്റലിയിലെ 104 വയസ് പ്രായമുള്ള ഒരു മുത്തശ്ശി കൊറോണയെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു. ഏറെ അത്ഭുതവും ആവേശവുമാണ് ഈ വാര്‍ത്ത ലോകത്തിന് നല്‍കുന്നത്.

ദിവസവും ആയിരക്കണക്കിനാളുകള്‍ മരിക്കുന്ന, നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ച ഇറ്റലിയില്‍ നിന്നാണ് പ്രതീക്ഷയുള്ള ഈ വാര്‍ത്ത. കൊറോണ വൈറസ് ബാധയെ വിജയകരമായി നേരിടുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഈ മുത്തശ്ശി .മാര്‍ച്ച് 17 നാണ് വടക്കന്‍ ഇറ്റലിയിലെ ബിയല്ലയിലെ നഴ്‌സിംഗ് ഹോമില്‍ അഡാ സാനുസോ എന്ന് പേരുള്ള ഈ മുത്തശ്ശിയെ രോഗബാധിതയായി പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊറോണയെന്ന് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി ഛര്‍ദ്ദി, പനി, ശ്വാസതടസ്സം എന്നിവയായിരുന്നു അനുഭവപ്പെട്ടിരുന്നത്.

ഏറെ മരണങ്ങള്‍ നടന്ന ആ രാജ്യത്ത് ഈ മുത്തശ്ശി വലിയൊരു അത്ഭുതം തന്നെയാണ്. ഈ മുത്തശ്ശിയുടെ അസുഖം ഭേദമായ ദിവസംമാത്രം ഇറ്റലിയില്‍ മരിച്ചത് 520 ലധികം ആളുകളാണ്. ഇപ്പോള്‍ എല്ലാം ശരിയായെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു..’മുത്തശ്ശിയിപ്പോള്‍ നടക്കുന്നുണ്ട്… ചിരിയുണ്ട്… സന്തോഷമുണ്ട്’. 1918 ലെ സ്പാനിഷ് പകര്‍ച്ചവ്യാധിയെ അതിജീവിച്ച അനുഭവമുണ്ട് 104 കാരിയായ ഈ ഇറ്റാലിയന്‍ മുത്തശ്ശിക്ക്. അന്ന് പതിനായിരങ്ങളാണ് മരണപ്പെട്ടത്. ഈ മുത്തശ്ശിയെക്കുറിച്ചുള്ള വാര്‍ത്ത ഡെയ്‌ലി മെയിലാണ് പുറത്തുവിട്ടത്.

ലോകത്തിന്റെ പലഭാഗത്തും പ്രായമായവര്‍ കൊറോണയെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരുന്നുണ്ട്. കൊറോണക്കുമുന്നില്‍ നാം തോല്‍ക്കില്ലെന്നു തന്നെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

Exit mobile version