‘സാത്താന്‍ ഞങ്ങളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണ്, ഞങ്ങളെ ഒരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ അവന്‍ അനുവദിക്കുന്നില്ല, പക്ഷെ അവനെ ജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല’; ക്വാറന്റൈന്‍ ഭേദിച്ച് യുഎസില്‍ പള്ളികള്‍ തുറക്കുന്നു

വാഷിങ്ടണ്‍: ക്വാറന്റൈന്‍ ഭേദിച്ച് യുഎസില്‍ പള്ളികള്‍ തുറക്കുന്നു. സാത്താന്‍ ഞങ്ങളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണ്, ഞങ്ങളെ ഒരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ അവന്‍ അനുവദിക്കുന്നില്ല, പക്ഷെ അവനെ ജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നാണ് ടെക്സാസിലെ പാസ്റ്റര്‍ കെല്ലി ബര്‍ട്ടണ്‍ പറയുന്നത്. ക്വാറന്റൈന്‍ ഭേദിച്ച് ലൂസിയാനയിലെ ബാറ്റണ്‍ റൂജിലെ പള്ളി കുരുത്തോല പെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.

ഞങ്ങള്‍ നിയമങ്ങളെ ധിക്കരിക്കുന്നത് സുവിശേഷം പ്രചരിപ്പിക്കലാണ് ദൈവഹിതം എന്നുള്ളതുകൊണ്ടാണ് എന്നാണ് ലൂസിയാന പാസ്റ്റര്‍ ടോണ് സ്പെല്‍ പറഞ്ഞത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള സ്ഥലം കൂടിയാണ് ലൂസിയാന. 409 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. ഇതിനു പുറമെ അധികൃതരുടെ മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് ആയിരം പേരുടെ ഒത്തുചേരലും കുരുത്തോല പെരുന്നാളിന്റെ ഭാഗമായുള്ള പരിപാടികളും നടത്താനുള്ള തയ്യാറെടുപ്പിലാണ് സോളിഡ് റോക്ക് പള്ളി.

അതേസമയം ക്വാറന്റൈന്‍ നിയമങ്ങളൈ തുടര്‍ന്ന് കുരുത്തോല ഞായര്‍ വീടിനുള്ളില്‍ നടത്താനാണ് അമേിക്കയിലെ ക്രിസ്ത്യന്‍ സമൂഹം തീരുമാനിച്ചത്. അതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ നല്‍കാനാണ് യുഎസ് പള്ളികളും തീരുമാനമെടുത്തത്. എന്നാല്‍ ഇതിന് നേരെ വിപരീതമായ തീരുമാനമാണ് സോളിഡ് റോക്ക്് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ഫ്ലോറിഡ മുതല്‍ ടെക്സാസ് വരെയുള്ള സോളിഡ് റോക്ക് പള്ളികള്‍ ഈ കുരുത്തോല ഞായറിന് പള്ളികള്‍ തുറക്കുമെന്ന വാശിയിലാണ്.

അമേരിക്കയില്‍ വൈറസ് ബാധമൂലം ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് മരിച്ചത്. 1224 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 630 മരണങ്ങളും ന്യൂയോര്‍ക്കിലാണ് നടന്നത്. ഇതോടെ മരണസംഖ്യ 8300 ആയി ഉയര്‍ന്നു. യുഎസില്‍ ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version