‘ക്യാമറകള്‍ നിരത്തി സ്ഥാപിച്ചിടത്ത് ശുചിമുറി ഉപയോഗിപ്പിച്ചു, കൊടിയ പീഡനത്തിലൂടെ കടന്നുപോയ ഓരോ ദിനവും ഒന്ന് കൊന്ന് തരുമോയെന്ന് യാചിച്ചു’ സര്‍ക്കാരിന്റെ കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലെ നരകതുല്യമായ ജീവിതത്തെ കുറിച്ച് യുവതി

ഒരു ഉയിഗുര്‍ വംശജ ആയതാണ് നിങ്ങള്‍ ചെയ്ത കുറ്റമെന്നായിരുന്നു അക്രമികള്‍ തന്ന മറുപടി

വാഷിങ്ടണ്‍: ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന കോണ്‍സണ്‍ട്രേഷന്‍ ക്യാപുകളിലെ ജീവിതത്തില്‍ അനുഭവിച്ച നരകതുല്യമായ പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. ഉഗിയൂര്‍ വംശജയും 29കാരിയുമായ മിഹൃഗുല്‍ ടുര്‍സുന്‍ ആണ് മൃഗീയ പീഡനം ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തിയത്.

ന്യൂനപക്ഷ ഉഗിയുര്‍ വംശജരെ മാത്രം ലക്ഷ്യമിട്ടു ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലെ ജീവിതത്തിനെതിരെയാണ് യുവതിയുടെ വാക്കുകള്‍. കൊടിയ പീഡനത്തിലൂടെ കടന്നുപോയ ഓരോ ദിവസവും ഞാനവരോടു യാചിച്ചു… എന്നെ ഒന്നു കൊന്നു തരുമോ മിഹൃഗുല്‍ നിറകണ്ണുകളോടെ പറയുന്നു. ഒരു ഉയിഗുര്‍ വംശജ ആയതാണ് നിങ്ങള്‍ ചെയ്ത കുറ്റമെന്നായിരുന്നു അക്രമികള്‍ തന്ന മറുപടിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

മിഹൃഗുല്‍ ടുര്‍സന്റെ വാക്കുകള്‍

”കൊടിയ പീഡനത്തിലൂടെ കടന്നുപോയ ഓരോ ദിവസവും ഞാനവരോടു യാചിച്ചു… എന്നെ ഒന്നു കൊന്നു തരുമോ എന്ന്. അവരുടെ മറുപടി ഇതായിരുന്നു -ഒരു ഉയിഗുര്‍ വംശജ ആയതാണ് നിങ്ങളുടെ കുറ്റം’ യുഎസിലെ വാഷിങ്ടണില്‍ നാഷണല്‍ പ്രസ് ക്ലബിലിരുന്ന് ദ്വിഭാഷിയുടെ സഹായത്തോടെ എഴുതിയ അനുഭവക്കുറിപ്പ് വായിക്കുമ്പോള്‍പോലും 29 കാരിയായ മിഹൃഗുല്‍ ടുര്‍സുന്‍ കരയുന്നുണ്ടായിരുന്നു, വിറയ്ക്കുന്നുണ്ടായിരുന്നു. രണ്ടാം തവണ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ തുടര്‍ച്ചയായ നാലുദിവസം ഉറക്കംപോലും നിഷേധിച്ചാണു ചോദ്യം ചെയ്തതെന്ന് ടുര്‍സുന്‍ പറയുന്നു. തലമുടി മുഴുവന്‍ ഷേവ് ചെയ്തു. അനാവശ്യമായി മരുന്നുകള്‍ നല്‍കി പരിശോധനകള്‍ നടത്തി. മൂന്നാം തവണ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴേക്കും പീഡനം കടുത്തു. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്നു താന്‍ കരുതി. ഒന്നു കൊന്നുതരുമോ എന്ന് അവരോടു യാചിച്ചു എന്നും ടുര്‍സുന്‍ പറഞ്ഞു.

ചൈനയില്‍ ജനിച്ചു വളര്‍ന്ന ടുര്‍സുന്‍ ഇംഗ്ലിഷ് പഠിക്കാനായി ഈജിപ്തിലെ സര്‍വകലാശാലയിലേക്കു പോയിരുന്നു. അവിടെവച്ചുതന്നെ കല്യാണവും കഴിച്ചു, ഒറ്റപ്രസവത്തില്‍ മൂന്നു കുട്ടികളുമായി. 2015 ല്‍ കുടുംബത്തെ കാണാനായി ചൈനയിലെത്തിയപ്പോഴാണ് കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നത്. ചൈനയില്‍ എത്തിയ ടുര്‍സുനെ ഉടന്‍ തടങ്കലിലാക്കി പിഞ്ചുകുഞ്ഞുങ്ങളില്‍നിന്നു വേര്‍പെടുത്തി. മൂന്നു മാസത്തിനുശേഷം വിട്ടയച്ചപ്പോള്‍ കുഞ്ഞുങ്ങളിലൊരാള്‍ മരണമടഞ്ഞിരുന്നു. മറ്റു രണ്ടുപേര്‍ക്കു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായി. ഒടുവില്‍ ശസ്ത്രക്രിയകള്‍ക്കു ശേഷമാണു കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായത്.

പിന്നീടു രണ്ടു വര്‍ഷത്തിനുശേഷമാണു വീണ്ടും ഇവരെ തടങ്കലിലാക്കിയത്. വിട്ടയച്ച് കുറച്ചു മാസങ്ങള്‍ക്കുശേഷം മൂന്നാമതും ഇവരെ പിടികൂടി. അന്നും മൂന്നു മാസമാണു തടങ്കലില്‍ കഴിയേണ്ടിവന്നത്. ചെറിയ സെല്ലില്‍ മറ്റ് 60 സ്ത്രീകള്‍ക്കൊപ്പം ശ്വാസംമുട്ടി കഴിയേണ്ടി വന്നു. കിടക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ഊഴമെടുത്താണ് ഇവര്‍ ഉറങ്ങിയത്. സുരക്ഷാ ക്യാമറകള്‍ക്കു മുന്നില്‍ വച്ച് ശുചിമുറി ഉപയോഗിക്കേണ്ടി വന്നു.

പലപ്പോഴും തങ്ങളുടെ അനുവാദമില്ലാതെ നിരവധി മരുന്നുകള്‍ അനാവശ്യമായി കഴിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് പലതവണ തലകറങ്ങി വീണിട്ടുണ്ട്. ഒരു വെളുത്ത ദ്രാവകം കഴിച്ചപ്പോള്‍ ചില സ്ത്രീകള്‍ക്കു ബ്ലീഡിങ് ഉണ്ടായി. മറ്റു ചിലര്‍ക്ക് ആര്‍ത്തവം നിന്നുപോയി. ആ മൂന്നു മാസ തടങ്കല്‍ കാലയളവില്‍ ഒമ്പതു പേരാണ് ആ സെല്ലില്‍ മരിച്ചുവീണത്.

ഒരു ദിവസം ടുര്‍സുനെ ഒരു മുറിയിലേക്കു വിളിപ്പിച്ചു. ഉയര്‍ന്ന ഒരു കസേരയില്‍ ഇരുത്തി, കാലുകളും കൈകളും ബന്ധിച്ചു. ഹെല്‍മറ്റ് പോലെന്തോ തലയില്‍ വച്ചു. ഓരോ തവണയും വൈദ്യുതാഘാതമേല്‍ക്കുമ്പോള്‍ ശരീരം മുഴുവന്‍ വിറങ്ങലിച്ചു, ഞരമ്ബുകളില്‍പ്പോലും ആ വേദന വ്യക്തമായി അറിയാമായിരുന്നു.

അന്നത്തെ പല കാര്യങ്ങളും ഓര്‍മിക്കുന്നുപോലുമില്ല. വായിലൂടെ വെള്ള നിറത്തിലുള്ള പത പുറത്തുവന്നു. ബോധം മറയാന്‍ തുടങ്ങി. അധികൃതര്‍ പറഞ്ഞ, തന്റെ ഓര്‍മയിലുള്ള അവസാന വാക്ക് ഒരു ഉയിഗുര്‍ വംശജ ആയതാണ് നിങ്ങളുടെ കുറ്റം എന്നാണെന്നു പറയുന്നു ടുര്‍സുന്‍.

വിട്ടയച്ചപ്പോള്‍ അവര്‍ കുട്ടികളുമായി ഈജിപ്തിലേക്കു പോയി. എന്നാല്‍ തിരികെ ചൈനയിലേക്കു വരണമെന്ന് ഉത്തരവു വന്നു. പീഡനങ്ങളോര്‍ത്ത് ഭയന്ന അവര്‍ കയ്റോയില്‍വച്ച് യുഎസ് അധികൃതരുമായി ബന്ധപ്പെടുകയും സെപ്റ്റംബറില്‍ യുഎസിലെത്തി വിര്‍ജീനിയയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു.

അതേസമയം, ടുര്‍സുന്റെ വാദങ്ങളോടു പ്രതികരിക്കാന്‍ വാഷിങ്ടനിലെ ചൈനീസ് എംബസി തയാറായില്ലെന്നു വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ നിലവിലില്ലെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ അവകാശവാദം. ചെറിയ ക്രിമിനലുകളെ ‘എംപ്ലോയ്മെന്റ് ട്രെയിനിങ് സെന്ററു’കളിലേക്കാണ് അയയ്ക്കുന്നതെന്നും ചൈനീസ് അധികൃതര്‍ പറയുന്നു.

20 ലക്ഷത്തോളം ഉയിഗുര്‍ വംശജരെ സര്‍ക്കാര്‍ ഇത്തരത്തില്‍ തടങ്കലില്‍ ആക്കിയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ചൈനയിലെ അതിശക്തമായ ഈ അടിച്ചമര്‍ത്തലിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് 26 രാജ്യങ്ങളില്‍നിന്നുള്ള 270 പണ്ഡിതന്മാര്‍ തിങ്കളാഴ്ച പ്രസ്താവനയിറക്കിയിരുന്നു. ക്യാംപുകള്‍ക്കു പുറത്തും ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ക്കിടെ വ്യക്തിസ്വാതന്ത്ര്യം പോലുമില്ലാതെയാണ് ഉയിഗുര്‍ വംശജര്‍ക്കു കഴിയേണ്ടിവരുന്നത്.

Exit mobile version