ചൈനയെ മറികടന്ന് മരണസംഖ്യ; മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടിയതോടെ ഐസ് ഹോക്കി സ്റ്റേഡിയം മോര്‍ച്ചറിയാക്കി; കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് സ്‌പെയിന്‍

മാഡ്രിഡ്: കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് വിറങ്ങലിച്ചു നില്‍ക്കുകയാണ് സ്‌പെയിന്‍. ഇന്നലെ മാത്രം 738 ആളുകളാണ് സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സ്‌പെയിനില്‍ മരണം 3647 ആയി ഉയര്‍ന്നു. രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ മരണ സംഖ്യയെക്കാള്‍ കൂടുതലായി സ്‌പെയിനിലെ മരണ സംഖ്യ.

സ്‌പെയിന്‍ ഉപപ്രധാനമന്ത്രി കാര്‍മെന്‍ കാലേര്‍വായ്ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌പെയിനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പോലും കൊവിഡ് ബാധിച്ചു മരിക്കുന്ന സ്ഥിതിയിലാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഹോട്ടലുകള്‍ ഉള്‍പ്പെടെ ആശുപത്രികള്‍ ആക്കുകയാണ്.ദിനം പ്രതി സ്ഥിതി വഷളാകുന്ന പശ്ചാത്തലചത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ വീണ്ടും നീട്ടി. ഏപ്രില്‍ 11 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്.

കൊവിഡ് ഭീതിയെ തുടര്‍ന്ന് പ്രായമായവരെ വീടുകളില്‍ ഉപേക്ഷിച്ചു പോകുന്ന പ്രവണതയാണ് സ്‌പെയിന്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ നിരവധി മൃതദേഹങ്ങളാണ് വീടുകളില്‍ നിന്ന് പട്ടാളം കണ്ടെത്തിയത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ആശുപത്രികളിലും വൃദ്ധമന്ദിരങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുകയാണ്. മരിച്ചവരുടെ എണ്ണം പെരുകിയതോടെ തലസ്ഥാനമായ മാഡ്രിഡിലെ ഒരു ഐസ് ഹോക്കി സ്റ്റേഡിയം മോര്‍ച്ചറിയാക്കി മാറ്റി.

ജനങ്ങള്‍ ആരും പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി നിരത്തുകളില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്. ആദ്യം മഡ്രിഡിലായിരുന്നു രോഗം കൂടുതലെങ്കില്‍ ഇപ്പോള്‍ രാജ്യം മുഴുവനും കൊറോണ വൈറസിന്റെ പിടിയിലാണ്. രോഗം ഉത്ഭവിച്ച ചൈനയേയും മറികടന്നു സ്‌പെയിനിലെ മരണനിരക്ക്.

Exit mobile version