കൊവിഡ് 19; ജനങ്ങള്‍ക്കിടയിലെ പരിഭ്രാന്തി നിയന്ത്രിക്കുകയാണ് ഇപ്പോള്‍ വേണ്ടത്, എല്ലാം ഉടന്‍ ശരിയാകുമെന്ന് നോബേല്‍ ജേതാവ് മൈക്കല്‍ ലെവിറ്റ്

റോം: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനെട്ടായിരം കവിഞ്ഞിരിക്കുകയാണ്. ഇറ്റലിയില്‍ ദിവസവും അഞ്ഞൂറിലധികം ആളുകളാണ് വൈറസ് ബാധമൂലം മരിക്കുന്നത്. അതേസമയം വൈറസിന്റെ വ്യാപനം ഉടന്‍ തന്നെ അവസാനിക്കുമെന്നാണ് നോബേല്‍ ജേതാവ് മൈക്കല്‍ ലെവിറ്റ് പറയുന്നത്.
ഈ വൈറസ് മാസങ്ങളും വര്‍ഷങ്ങളും നീണ്ടുനില്‍ക്കുന്ന ഭീഷണിയായി മാറില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ജനുവരിയില്‍ തന്നെ കൊവിഡ്-19 വൈറസിന്റെ വ്യാപനം ജനുവരിയില്‍ തന്നെ പ്രവചിച്ചിരുന്ന വ്യക്തികൂടിയാണ് നോബേല്‍ ജേതാവും സ്റ്റാന്‍ഫോര്‍ഡിലെ ബയോഫിസിസിസ്റ്റുമായ മൈക്കല്‍ ലെവിറ്റ്. അതേസമയം ആരോഗ്യ വിദഗ്ധര്‍ പറയുന്നത് പോലെ വൈറസിന്റെ വ്യാപനം മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ഇപ്പോള്‍ വേണ്ടത് ജനങ്ങള്‍ക്കിടയിലെ പരിഭ്രാന്തി നിയന്ത്രിക്കുകയാണ്. ഉടന്‍ തന്നെ എല്ലാം ശരിയാകുമെന്നാണ് അദ്ദേഹം പറയുന്നത്. ചൈനയിലെയും മറ്റു രാജ്യങ്ങളിലെയും കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലെവിറ്റ് ഇക്കാര്യം പറയുന്നത്. ജനുവരി 31ന് ചൈനയില്‍ 46 മരണങ്ങളായിരുന്നു സംഭവിച്ചത്. അതിന്റെ തലേദിവസം സംഭവിച്ചത് 42 മരണവും. താരതമ്യേന മരണം വര്‍ധിച്ചിട്ടുണ്ടെങ്കിലും വര്‍ധനവിന്റെ തോത് കുറഞ്ഞെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. പുതിയ കേസുകളുടെ എണ്ണവും വളരെ കുറഞ്ഞ നിരക്കിലാണെന്നത് വൈറസിന്റെ വ്യാപനം കുറഞ്ഞതിന്റെ സൂചനയാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ഫെബ്രുവരി ഒന്നിന് അദ്ദേഹം സുഹൃത്തുക്കള്‍ക്കയച്ച റിപ്പോര്‍ട്ടില്‍ അടുത്തയാഴ്ച മുതല്‍ ചൈനയിലെ മരണ നിരക്ക് കുറയുമെന്നാണ് പറഞ്ഞിരുന്നത്. ഇക്കാര്യം അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. താമസിയാതെ തന്നെ ചൈനയിലെ മരണങ്ങളുടെ എണ്ണം ദിനംപ്രതി കുറഞ്ഞ് വരികയും ചെയ്തു. മൂന്നാഴ്ചകള്‍ക്ക് ശേഷം വൈറസിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നതാണെന്നും രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 80,000 ത്തിലും മരണം 3250 ലേക്ക് എത്തുമെന്നും അദ്ദേഹം ചൈനീസ് ദിനപത്രത്തോട് പറഞ്ഞിരുന്നു. മാര്‍ച്ച് പകുതിയാകുമ്പോഴേക്കും ഈ കണക്കുകളും കൃത്യമാവുകയായിരുന്നു. ചൈനയില്‍ 80,298 കേസുകളും, 3245 മരണങ്ങളുമാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്ന ഈ സാഹചര്യത്തില്‍ വൈറസിന്റെ വ്യാപനും മരണനിരക്കും കുറയുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

Exit mobile version