സാഹചര്യം വഷളാവുന്നു, കടകള്‍ കാലിയാവുകയാണ്, മൂന്ന് മാസങ്ങള്‍ക്ക് ശേഷവും നിങ്ങള്‍ ഇങ്ങനെ ജീവിക്കുമെന്ന് എന്താണ് ഉറപ്പ്?, മൃഗങ്ങളെപ്പോലെയല്ല, മനുഷ്യരെപ്പോലെ പെരുമാറൂ; ഷുഹൈബ് അക്തര്‍

ലോകത്ത് കൊറോണ വൈറസ് പിടിമുറുക്കിയ സാഹചര്യത്തില്‍ രോഗത്തെ തടയാന്‍ നേതൃത്വങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍. ഇത്രയും ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോവുമ്പോള്‍ മതപരവും സാമ്പത്തികപരവുമായ അതിര്‍വരമ്പുകള്‍ ഭേദിച്ച് ഏവരും പരസ്പരം സഹായങ്ങള്‍ ചെയ്യണമെന്നും അക്തര്‍ വ്യക്തമാക്കി.

സ്വന്തം യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അക്തര്‍ ഇക്കാര്യം പറഞ്ഞത്. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഒരു മടിയും കൂടാതെ പാലിക്കണമെന്നും നാം സ്വയം ഒരു ആഗോള ശക്തിയായി മാറിയും കൊറോണ വൈറസിനെ പ്രതിരോധിക്കണമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

”നിങ്ങള്‍ അവശ്യ സാധനങ്ങള്‍ കൂട്ടിവെക്കുകയാണെങ്കില്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്ന പാവങ്ങളെക്കുറിച്ച് ഓര്‍ക്കുക. കടകള്‍ കാലിയാവുകയാണ്. മൂന്ന് മാസങ്ങള്‍ക്ക് ശേഷവും നിങ്ങള്‍ ഇങ്ങനെ ജീവിക്കുമെന്ന് എന്താണ് ഉറപ്പ്. ദിവസക്കൂലിക്കാര്‍ അപ്പോള്‍ തങ്ങളുടെ കുടുംബങ്ങളെ എങ്ങനെ പരിചരിക്കും? ഹിന്ദുവായോ ക്രിസ്ത്യനായോ മുസ്‌ലിമായോ അല്ല, മനുഷ്യനായി ചിന്തിക്കൂ. പരസ്പരം സഹായിക്കൂ.” അക്തര്‍ പറഞ്ഞു.

”പണക്കാര്‍ ഈ സാഹചര്യം തരണം ചെയ്യുമായിരിക്കും, പാവപ്പെട്ടവര്‍ എന്തുചെയ്യും? പ്രതീക്ഷയര്‍പ്പിക്കുക, മൃഗങ്ങളെപ്പോലെയല്ല, മനുഷ്യരെപ്പോലെ പെരുമാറൂ. പൂഴ്ത്തിവെക്കാതെ അത് മറ്റുള്ളവര്‍ക്കും കൂടി അവകാശപ്പെട്ടതാണെന്നോര്‍ക്കുക. വിഭജിക്കാതെ മനുഷ്യനായി ജീവിക്കുക.” അക്തര്‍ വീഡിയോയില്‍ പറഞ്ഞു.

ദിനംപ്രതി കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണവും രോഗബാധിതരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്യുമ്പോഴും കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയാത്ത കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

Exit mobile version