ഏറ്റവും പ്രായം കുറഞ്ഞ കൊറോണ ബാധിത ലണ്ടനില്‍; നവജാത ശിശുവിനും വൈറസ് ബാധ സ്ഥിരീകരിച്ചു

ലണ്ടന്‍: നവജാത ശിശുവിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രോഗബാധിത. ഗര്‍ഭിണിയായിരിക്കെ കുട്ടിയുടെ അമ്മയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഗര്‍ഭാവസ്ഥയിലുള്ളപ്പോള്‍ ആണോ ജനിച്ചതിനു ശേഷമാണോ കുട്ടിക്ക് വൈറസ് ബാധയുണ്ടായതെന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്.

കഴിഞ്ഞയാഴ്ചയാണ് ലണ്ടനിലെ നോര്‍ത്ത് മിഡില്‍സെക്‌സ് സര്‍വ്വകലാശാലാ ആശുപത്രിയിലേക്ക് കൊറോണ രോഗലക്ഷണങ്ങളോടെ ഗര്‍ഭിണിയായ സ്ത്രീയെ പ്രവേശിപ്പിച്ചത്. ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. എന്നാല്‍ പ്രസവ ശേഷമാണ് ഇവര്‍ക്ക് കൊറോണ ബാധിച്ചിരുന്നുവെന്ന് ഫലം വന്നത്.

ഇതിനുശേഷമാണ് കുഞ്ഞിനും പരിശോധ നടത്തിയത്. നിര്‍ഭാഗ്യവശാല്‍ ഫലം പോസിറ്റീവ് ആയി. കുട്ടിയും അമ്മയും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും രണ്ട് വ്യത്യസ്ത ആശുപത്രികളിലാണുള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Exit mobile version