യുവന്റസ് താരം ഡനിയേല റൂഗാനിക്ക് കൊവിഡ് 19; റൊണാള്‍ഡോ അടക്കമുള്ള സഹതാരങ്ങള്‍ നിരീക്ഷണത്തില്‍, ആശങ്ക വേണ്ടെന്ന് അധികൃതര്‍

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയിലെ എല്ലാ കായികമത്സരങ്ങളും ഏപ്രില്‍ 3 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

റോം: ഇറ്റലിയുടെ യുവന്റസ് ഫുട്‌ബോള്‍ താരം ഡാനിയേല റൂഗാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ നിരീക്ഷണത്തിലാണ്. റൂഗാനിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ക്ലബ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

സംഭവത്തില്‍ നിയമപ്രകാരം ഐസോലെഷന്‍ നടപടികള്‍ ആരംഭിച്ചതായും ക്ലബ് വ്യക്തമാക്കി. ഇന്റര്‍മിലാനെതിരായ യുവന്റസിന്റെ അവസാന മത്സരത്തില്‍ റൂഗാനി കളിക്കാനിറങ്ങിയിരുന്നില്ല. അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു ഈ മത്സരം സംഘടിപ്പിച്ചത്.

കൊറോണ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ പ്രതികരണവുമായി താരം രംഗത്തെത്തിയിരുന്നു. തന്നെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നാണ് റൂഗാനി ആരാധകരോട് പറഞ്ഞത്. കൊവിഡ് 19നെ നേരിടാനുള്ള സംവിധാനങ്ങള്‍ക്കൊപ്പം ഏവരും സഹകരിക്കണമെന്ന് താരം ആരാധകരോട് ആവശ്യപ്പെട്ടു.

ഇറ്റലിയിലെ സാഹചര്യങ്ങള്‍ ഗുരുതരമായി തുടരുന്നതിനാല്‍ സ്വന്തം നാടായ പോര്‍ച്ചുഗലിലാണ് റൊണാള്‍ഡോ ഉള്ളത് എന്നാണ് ലഭിക്കുന്ന വിവരം. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയിലെ എല്ലാ കായികമത്സരങ്ങളും ഏപ്രില്‍ 3 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Exit mobile version