കൊവിഡ് 19; അമേരിക്കയില്‍ മരണസംഖ്യ പതിനൊന്ന് ആയി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി. ന്യൂയോര്‍ക്കില്‍ നാലുപേര്‍ക്കും ലോസ് ആഞ്ചലസില്‍ ആറുപേര്‍ക്കും പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസില്‍ ഇതുവരെ 122 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത.

അതേസമയം ചൈനയില്‍ വൈറസ് ബാധയേറ്റ് ഇന്നലെ 38 പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 2981 ആയി. ചൈനയ്ക്ക് പുറത്ത് വൈറസ് ബാധയേറ്റ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇറ്റലിയാണ്. 79 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ചൈന ഉള്‍പ്പെടെ 79 രാജ്യങ്ങളിലായി 93565 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 29 ആയി. ഹരിയാനയിലെ പേടിഎമ്മിലെ ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കമ്പനി ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. അതേസമയം കൊറോണ വൈറസ് ബാധിച്ച് ഇറാഖില്‍ ഒരാള്‍ മരിച്ചു. ഇറാഖിലെ കുര്‍ദിഷ് പ്രവിശ്യയിലാണ് വൈറസ് ബാധിച്ചയാള്‍ മരിച്ചതെന്ന് പ്രാദേശിക ആരോഗ്യ വിഭാഗം അറിയിച്ചിരിക്കുന്നത്. ഇറാഖില്‍ ഇതുവരെ 33 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version