കൊറോണ വൈറസ്; ചികിത്സയിലായിരുന്ന ഇറാന്‍ പാര്‍ലമെന്റ് അംഗം മരിച്ചു

ടെഹ്‌റാന്‍: ലോകം മുഴുവന്‍ ഇപ്പോള്‍ കൊറോണ ഭീതിയിലാണ്. ചൈനയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളിലും കൊറോണ വൈറസ് വ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴിതാ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഇറാന്‍ പാര്‍ലമെന്റ് അംഗം മരിച്ചു. മുഹമ്മദ് അലി റമസാനി ദസ്തക് ആണ് മരിച്ചത്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കുറച്ച് ദിവസങ്ങള്‍ മുമ്പാണ് അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം.

ഇറാനില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ മാത്രം ഒമ്പത് പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 43 ആയെന്നും ആരോഗ്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി. പുതുതായി രാജ്യത്ത് 205 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്.

ഇതിനു പുറമെ ഇറാനിലെ വൈസ് പ്രസിഡന്റിനും ഡെപ്യൂട്ടി ആരോഗ്യ മന്ത്രിക്കും അഞ്ച് എംപിമാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് പാര്‍ലമെന്റ് അടച്ചിടുകയും അന്താരാഷ്ട്ര യാത്രാ വിലക്ക് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version