കൊറോണ ചികിത്സിക്കാൻ 10 ദിവസം കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി നിർമ്മിക്കാൻ ഒരുങ്ങി ചൈന

വുഹാൻ: ചൈനയിൽ കൊറോണ വൈറസ് നിയന്ത്രണാതീതമായി തുടരുന്നതിനിടെ പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിർമ്മിക്കാനൊരുങ്ങി ചൈന. ചൈനയിലെ ഷിയിൻ തടാകത്തിന്റെ തീരത്ത് പ്രദേശിക തൊഴിലാളികൾക്കുവേണ്ടി നിർമ്മിച്ച അവധികാല കെട്ടിട സമുച്ചയത്തിനൊപ്പമാണ് ആശുപത്രി നിർമ്മിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വ്യാഴാഴ്ച രാത്രിയോടെ ആശുപത്രി നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ സ്ഥലത്ത് എത്തിച്ചതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 100 തൊഴിലാളികൾ ആശുപത്രി നിർമ്മാണം തുടങ്ങി. 2003 ൽ ചൈനയിലുണ്ടായ സാർസ് പടർന്നു പിടിച്ച സാഹചര്യത്തിലും 7,000 തൊഴിലാളികൾ ചേർന്ന് ഒരാഴ്ച കൊണ്ടാണ് ബെയ്ജിങ്ങിൽ പുതിയ ആശുപത്രി നിർമ്മിച്ചിരുന്നു. കൊറോണ വൈറസ് ബാധിച്ച് 25 പേരാണ് ചൈനയിൽ മരിച്ചത്. 830 ആളുകളിൽ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

കൊറോണ വൈറസ് ലക്ഷണങ്ങളുമായി നിരവധി പേരാണ് ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്നത്. ആശുപത്രികളിൽ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങൾ അപര്യാപ്തമായിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിന് ആവശ്യമായ കിറ്റുകളും തീരുകയാണെന്നാണ് വിവരം.

Exit mobile version