‘ബാരി ഭാരമായി’, ഐഎസിന്റെ ‘വലിയ’ ഭീകരനെ അറസ്റ്റ് ചെയ്തത് തലവേദനയായി; 250 കിലോഗ്രാം തൂക്കമുള്ള തീവ്രവാദിയെ കൊണ്ടുപോകാൻ ഒടുവിൽ ട്രക്ക് വിളിച്ച് ഇറാഖി സേന

മൊസൂൾ: ഐഎസ് ഭീകരസംഘടനയുടെ ഭാഗമായ സേനയുടെ ഏറ്രവും തൂക്കമേറിയ ഭീകരനെ അറസ്റ്റ് ചെയ്തെങ്കിലും കൊണ്ടുപോവാനാവാതെ വലഞ്ഞ് ഇറാഖി സേന. 250 കിലോഗ്രാം തൂക്കമുള്ള അബു അബ്ദുൾ ബാരിയാണ് ഇറാഖ് സേനയെ കുഴപ്പത്തിലാക്കിയത്. അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ കടത്തുക പ്രയാസമായതിനാൽ അൽപനേരത്തേക്ക് ഇറാഖി സേനയ്ക്ക് ഭീകരൻ തലവേദനയായി. ഒടുവിൽ ഭീകരനെ ട്രക്ക് വിളിച്ചാണ് കൊണ്ടുപോയത്.

മൊസൂളിൽ നിന്നാണ് ഇറാഖിന്റെ സ്വാറ്റ് ടീം അബു അബ്ദുൾ ബാരിയെ അറസ്റ്റ് ചെയ്തത്. എന്നാൽ 250 കിലോഗ്രാം ഭാരമുള്ള ഭീകരനെ പോലീസ് കാറിൽ കയറ്റാൻ സാധിക്കാതെ വരികയായിരുന്നു. അറസ്റ്റിലായ അബു അബ്ദുൽ ബാരി സുരക്ഷാ സേനയ്ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി പേരുകേട്ടയാളാണെന്നും ഐഎസ് സംഘങ്ങളുടെ പ്രധാന നേതാവാണെന്നും ഇറാഖ് സേനയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഐഎസിനോട് കൂറുകാണിക്കാത്ത ഇസ്ലാമിക് നേതാക്കന്മാരെ കൊല്ലണമെന്ന് ഫത്വ പുറപ്പെടുവിച്ച ഐഎസ് നേതാവുമാണ് ബാരി.

ബാരിയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാം തീവ്രവാദ വിരുദ്ധ പ്രവർത്തകൻ മജീദ് നവാസി ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ട്. ദൈവം തങ്ങൾക്കൊപ്പമാണെന്ന് കരുതുന്ന ഐഎസ് വിഡ്ഢികൾക്കുള്ള ഉചിതമായ തിരിച്ചടിയാണ് ബാരിയുടെ അറസ്റ്റെന്ന് നവാസി അഭിപ്രായപ്പെട്ടു. പൊണ്ണത്തടിയെ പരിഹസിക്കാനല്ല മറിച്ച് തുറന്നുകാട്ടാനാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഉദ്ദേശിച്ചതെന്നും നവാസ് വ്യക്തമാക്കുന്നുണ്ട്.

Exit mobile version