ഇറാഖിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം; യാത്രകൾ ഒഴിവാക്കാൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യുഎസ്-ഇറാൻ യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കെ ഇറാഖിലുള്ള ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ നിർദേശം. ഇറാഖിലൂടെയുള്ള ആഭ്യന്തര യാത്രകൾ ഒഴിവാക്കാൻ നിർദേശിച്ചതായും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. ഇറാഖിലേക്കുള്ള അത്യാവശ്യമില്ലാത്ത യാത്രകൾ പൗരന്മാർ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ആവശ്യപ്പെടുന്നു.

ഇറാഖിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ഇന്ത്യക്കാർ ഇറാഖിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഇനിയൊരു മുന്നറിയിപ്പുണ്ടാകുന്നതു വരെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇറാഖിൽ താമസിക്കുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കണം. രാജ്യത്തിനകത്തുകൂടിയുള്ള യാത്രകൾ ഒഴിവാക്കണം. ബാഗ്ദാദിലെ എംബസിയും എർബിലിലെ കോൺസുലേറ്റും സാധാരണരീതിയിൽ പ്രവർത്തിക്കുമെന്നും രവീഷ് കുമാർ ട്വീറ്റിൽ വ്യക്തമാക്കി.

അതേസമയം ഇറാൻ-ഇറാഖ്-ഗൾഫ് വ്യോമമേഖലകൾ ഒഴിവാക്കിയാണ് ഇന്ത്യൻ വിമാനക്കമ്പനികൾ ഇപ്പോൾ സർവീസ് പുനഃക്രമീകരിക്കുന്നത്. ഉന്നതവൃത്തങ്ങൾ നൽകിയ നിർദേശത്തെ തുടർന്നാണിതെന്ന് എഎൻഐ. റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version