ഇറാന് വിസ നിഷേധിച്ച് യുഎസ്; യുഎൻ സുരക്ഷാ സമിതിയിൽ പങ്കെടുക്കാനാകില്ല; യുഎസിനെ എതിർത്ത ഇറാഖിനു നേരേയും ഭീഷണി

വാഷിങ്ടൺ: യുഎൻ സുരക്ഷാസമിതി യോഗത്തിൽ ഇറാനെ പങ്കെടുപ്പിക്കാതിരിക്കാൻ വിസ നിഷേധിച്ച് അമേരിക്ക. വ്യാഴാഴ്ച ന്യൂയോർക്കിൽ ചേരാൻ തീരുമാനിച്ച സുരക്ഷാസമിതി യോഗത്തിന് ഇറാൻ പ്രതിനിധിക്ക് ഇതോടെ പങ്കെടുക്കാനാകില്ല. ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവേദ് സരിഫിനാണ് യുഎസ് വിസ നിഷേധിച്ചത്.

ഇറാന് വിസ നിഷേധിച്ചതിനൊപ്പം ഇറാഖിൽ നിന്നു സേനയെ പിൻവലിക്കില്ലെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ അറിയിച്ചു. അമേരിക്കൻ സൈന്യം രാജ്യം വിടണമെന്ന് ഇറാഖ് പാർലമെന്റിന്റെ അടിയന്തരയോഗം ആവശ്യപ്പെട്ടതിനെ ഭീഷണി മുഴക്കിയാണ് യുഎസ് പ്രസിഡന്റ് ട്രംപ് നേരിട്ടത്. ശതകോടികൾ ചെലവിട്ട് ഇറാഖിൽ തങ്ങൾ വ്യോമതാവളം നിർമിച്ചിട്ടുണ്ടെന്നും മുടക്കിയ പണം തിരിച്ചുകിട്ടാതെ മടങ്ങുന്ന പ്രശ്‌നമില്ലെന്നുമായിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രതികരണം. എതിർത്താൽ ഇറാനു മേൽ അടിച്ചേൽപിച്ചതിലും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന ഭീഷണിയും മുഴക്കി.

അതേസമയം, ഇറാനുമായുള്ള ബന്ധം യുദ്ധത്തിലേക്ക് നീങ്ങിയതോടെ അമേരിക്കയ്ക്ക് പൂർണ്ണപിന്തുണ പ്രഖ്യാപിച്ച് നാറ്റോ സെക്രട്ടറി ജനറൽ രംഗത്തെത്തി. സഖ്യകക്ഷികളായ മുഴുവൻ രാജ്യങ്ങളും അമേരിക്കയോടൊപ്പമാണെന്ന് ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു.

Exit mobile version