കടൽക്കൊള്ളക്കാർ നൈജീരിയൻ തീരത്തുനിന്നും തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാരും മോചിതരായി; ആശ്വാസമായി വാർത്തയെത്തി

അബുജ: നൈജീരിയയുടെ തീരത്തുനിന്നും കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാരേയും മോചിപ്പിച്ചു. കപ്പലിലെ തൊഴിലാളികളായിരുന്നു 18 പേരും. ഡിസംബർ മൂന്നിനാണ് ബോണി ദ്വീപിനു സമീപത്തുനിന്ന് ഹോങ്കോങ്ങിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യക്കപ്പലിൽനിന്ന് ഇവരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്.

ഇന്ത്യക്കാരെ വിട്ടയച്ച കാര്യം നെജീരിയയുടെ നാവികസേനയും ഷിപ്പിങ് കമ്പനിയും സ്ഥിരീകരിച്ചതായി നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അധികൃതർ അറിയിച്ചു. എആർഎക്സ് മാരിടൈം നൽകുന്ന വിവരപ്രകാരം 18 ഇന്ത്യക്കാർ ഉൾപ്പെടെ പത്തൊമ്പതുപേരെയാണ് ഡിസംബർ മൂന്നിന് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. അമേരിക്കക്കാരനായ ക്യാപ്റ്റനാണ് ഇന്ത്യക്കാരനല്ലാത്ത ഒരേ ഒരാൾ.

Exit mobile version