ആണ്‍മക്കളെ പോലെ തന്നെ പെണ്‍മക്കള്‍ക്കും വിദ്യാഭ്യാസം വേണം; ദിവസം 12 കിലോമീറ്റര്‍ താണ്ടി പെണ്‍മക്കളെ സ്‌കൂളിലെത്തിച്ച് ഈ പിതാവ്, കൈയ്യടി

തന്റെ മക്കളുടെ വിദ്യാഭ്യാസത്തെ ഗൗരവമായി കാണാനുള്ള പ്രധാനകാരണമിതാണെന്നും അദ്ദേഹം പറയുന്നു.

കാബുള്‍: പെണ്‍മക്കള്‍ക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്താനായി ദിവസം 12 കിലോമീറ്റര്‍ യാത്ര ചെയ്ത് പെണ്‍മക്കളെ സ്‌കൂളിലെത്തിക്കുന്ന പിതാവാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ആണ്‍മക്കളെ പോലെ തന്നെ പെണ്‍മക്കള്‍ക്കും വിദ്യാഭ്യാസം വേണമെന്ന ദൃഢനിശ്ചയമാണ് ഇദ്ദേഹത്തെ ഈ തീരുമാനത്തില്‍ എത്തിച്ചത്. അഫ്ഗാനിസ്ഥാനിലെ ഷരാണ സ്വദേശിയായ മിയ ഖാന്‍ എന്ന പിതാവിനാണ് ഇപ്പോള്‍ അഭിനന്ദനം ലഭിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ സ്വീഡിഷ് കമ്മിറ്റി നടപ്പാക്കുന്ന നൂറാനിയ സ്‌കൂളിലാണ് മിയാ ഖാന്റെ മക്കള്‍ പഠിക്കുന്നത്. ഇവരെ സ്‌കൂളിലാക്കാനാണ് മിയാഖാന്‍ ദിവസവും 12 കിലോമീറ്റര്‍ ബൈക്കില്‍ യാത്രചെയ്യുന്നത്. മേഖലയില്‍ ഒരു വനിത ഡോക്ടര്‍മാര്‍ പോലുമില്ല. തന്റെ മക്കളുടെ വിദ്യാഭ്യാസത്തെ ഗൗരവമായി കാണാനുള്ള പ്രധാനകാരണമിതാണെന്നും അദ്ദേഹം പറയുന്നു.

മിയാ ഖാന്റെ വാക്കുകള്‍;

‘ഞാന്‍ നിരക്ഷരനാണ്. ദിവസക്കൂലിക്കാണ് ഞാന്‍ ജോലിചെയ്യുന്നത്. പക്ഷെ എന്റെ പെണ്‍മക്കളുടെ വിദ്യാഭ്യാസം എനിക്ക് പ്രധാനമാണ്. കാരണമെന്തെന്നാല്‍ ഈ മേഖലയില്‍ വനിതാ ഡോക്ടര്‍മാരില്ലെന്നതു കൊണ്ടു തന്നെ. എന്റെ പെണ്‍മക്കള്‍ക്ക് ആണ്‍മക്കളെ പോലെ വിദ്യാഭ്യാസം നല്‍കുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു’

Exit mobile version